വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന കണക്ക് വെളിപ്പെടുത്തുന്നത് രാജ്യത്തിന് ഗുണകരമല്ല: ശരത് പവാര്‍
national news
വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന കണക്ക് വെളിപ്പെടുത്തുന്നത് രാജ്യത്തിന് ഗുണകരമല്ല: ശരത് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 10:44 pm

പൂനെ: ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന കണക്ക് വെളിപ്പെടുത്തുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരത്പവാര്‍.

“ഞാന്‍ പ്രതിരോധമന്ത്രാലയത്തില്‍ കുറച്ച് കാലം ജോലി ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല. അത് പക്വതയില്ലാത്തതും രാജ്യത്തിന് ഗുണം ചെയ്യാത്തതുമാണ്.” ബി.ജെ.പി അധ്യക്ഷന്‍ അമിതാഷായുടെ പ്രസ്താവനക്ക് മറുപടിയായാണ് ശരത്പവാര്‍ ഈ കാര്യം വ്യക്തമാക്കുന്നത്.

“ഞാന്‍ വ്യോമാക്രണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും ഉന്നയിക്കില്ല. നമ്മള്‍ ഇന്ത്യയിലെ സൈന്യത്തെ പൂര്‍ണ്ണമായും വിശ്വസിക്കണം. നമ്മുടെ സുരക്ഷക്ക് വേണ്ടി അവര്‍ അവരുടെ ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറാണ്. പുല്‍വ്വാമ അക്രമത്തിന് ശേഷം നടന്ന യോഗത്തിന് ശേഷം ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു . ഇപ്പോള്‍ രാജ്യം ഇന്ത്യന്‍ സൈന്യത്തിനൊപ്പം നില്‍ക്കണം.” ശരത് പവാര്‍ പറഞ്ഞു.

ALSO READ: ജമാഅത്തുദ്ദഅ്‌വയെയും ഫലാഹി ഇന്‍സാനിയതിനെയും പാകിസ്ഥാന്‍ നിരോധിച്ചു

അശ്രദ്ധമായി പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത് അത്ര നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് മിഗും സുഖോയിസുമുണ്ട്. പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രതികരിക്കരുതെന്നായിരുന്നു ശരത് പവാര്‍ പറഞ്ഞത്.

റാഫേല്‍ യുദ്ധവിമാനം ഇതിലും ശക്തമായി തിരിച്ചടിച്ചേനെ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കായിരുന്നു ശരത് പവാറിന്റെ ഈ പ്രതികരണം.