[]ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടറുടെ സന്ദര്‍ശക ഡയറി ലഭിച്ചത് എവിടെ നിന്നെന്ന് വെളിപ്പെടുത്തണമെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണിനോട് സുപ്രീം കോടതി. ഡയറിയുടെ ഉറവിടം സംബന്ധിച്ച വിവരം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
2ജി, കല്‍ക്കരി അഴിമതിയുമായി ബന്ധമുള്ളവര്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കുന്ന സന്ദര്‍ശക ഡയറിയാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഡയറിയില്‍ പറയുന്ന കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇത് ശരിയല്ലെന്നും രഞ്ജിത് സിന്‍ഹ കോടതിയെ അറിയിച്ചു.
ഡയറിയിലെ 90% എന്‍ട്രികളും വ്യാജമാണ്. ചില എന്‍ട്രികള്‍ ശരിയാണ്. എന്നാല്‍ അവ ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.സന്ദര്‍ശക ഡയറി വ്യാജമാണെന്ന നിലപാടില്‍ സി.ബി.ഐ ഡയറക്ടര്‍ ഉറച്ചുനിന്നതോടെയാണ് കോടതി ഇതിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.
തനിക്ക് ഡയറി വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് ലഭിച്ചത്. വിവരങ്ങള്‍ പുറത്തുവിട്ടയാളെ സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഡയറിയിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതിന്റെ വിശ്വാസ്യത മനസിലാക്കിയാല്‍ മാത്രമേ മുന്നോട്ടുപോകാനാകൂയെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് സെപ്റ്റംബര്‍ 22ന് കോടതി വീണ്ടും പരിഗണിക്കും.