| Sunday, 21st October 2018, 7:57 pm

എത്ര പൗരന്മാരുടെ അക്കൗണ്ടുകളിലേക്ക് കള്ളപ്പണം തിരിച്ചെത്തിച്ചെന്ന് വെളിപ്പെടുത്തണം: പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് എത്ര പൗരന്മാരുടെ അക്കൗണ്ടുകളിലേക്ക് കള്ളപ്പണം തിരികെ എത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ രാധ കൃഷ്ണ മാഥുര്‍. 2014നും 2017നും ഇടയില്‍ മന്ത്രിമാര്‍ക്കെതിരെ ലഭിച്ച അഴിമതി പരാതികളുടെ വിവരങ്ങളും അതിലെടുത്ത നടപടികളും പുറത്തു വിടാന്‍ വിവരാവകാശ കമ്മീഷണര്‍ പ്രൈം മിനിസ്റ്റര്‍ ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദി നല്‍കിയ അപേക്ഷയിലാണ് വിവരാവകാശ കമ്മീഷന്റെ നടപടി. കള്ളപ്പണവുമായി ബന്ധപ്പെട്ടിട്ടുള്ള ചതുര്‍വേദിയുടെ അപേക്ഷ വിവരാവകാശ നിയമത്തിലെ “വിവര”ത്തിന്റെ പരിധിയില്‍ പെടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവരങ്ങള്‍ പുറത്തു വിടാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തന്റെ വിവരാവകാശ അപേക്ഷയില്‍ ചതുര്‍വേദി ബി.ജെ.പി സര്‍ക്കാരിന്റെ പദ്ധതികളായ “മെയ്ക്ക് ഇന്‍ ഇന്ത്യ”, “സ്‌കില്‍ ഇന്ത്യ”, “സ്വച്ഛ് ഭാരത്”, “സ്മാര്‍ട്ട് സിറ്റി പ്രൊജക്ട്” എന്നിവയെ കുറിച്ചും ചോദ്യമുന്നയിച്ചിരുന്നു.

തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ചതുര്‍വേദി വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കുകയായിരുന്നു. മന്ത്രിമാര്‍ക്കെതിരായ പരാതികളുടെ സെര്‍ട്ടിഫൈഡ് കോപ്പിയാണ് താന്‍ ആവശ്യപ്പെട്ടെതെന്നും ചതുര്‍വേദി കമ്മീഷനെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more