| Thursday, 12th August 2021, 2:54 pm

സ്‌കൂള്‍ നാടകങ്ങളില്‍ ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമേ എനിക്ക് കിട്ടിയിട്ടുള്ളൂ; നേരിട്ട പരിഹാസങ്ങളെക്കുറിച്ച് രേവതി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വണ്ണമുള്ളത് കാരണം ജീവിതത്തില്‍ ഏറെ പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് പറയുകയാണ് സഹസംവിധായകയും നടി മേനകയുടെ മകളുമായ രേവതി സുരേഷ്.

ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ നാടകങ്ങളില്‍ ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമാണ് തനിക്ക് കിട്ടിയിരുന്നതെന്നും തന്നെ നായികയാക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരുന്നുവെന്നുമാണ് രേവതി പറയുന്നത്.

‘ക്ലാസിലെ മെലിഞ്ഞ കുട്ടിയായിരിക്കും മിക്കപ്പോഴും നായികയാവുന്നത്. എനിക്കും നായികയാകാമല്ലോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അത്തരം കുഞ്ഞുസങ്കടങ്ങള്‍ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്,’ രേവതി സുരേഷ് പറയുന്നു.

പ്ലസ് സൈസ് ഉള്ള സമയത്ത് രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ നൃത്തം ചെയ്ത ആളാണ് താനെന്നും അപ്പോഴും ആളുകള്‍ പരിഹസിച്ചിരുന്നുവെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു.

തടിയുടെ പേരില്‍ കൗമാരക്കാലത്ത് കേട്ട പല കമന്റുകളും തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നുവെന്നും അവര്‍ പറയുന്നു.

‘അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരാണല്ലോ, നീ എന്താ ഇങ്ങനെയായത് എന്ന് ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച് ഒരാള്‍ ചോദിച്ചു. വലിയ വിഷമം തോന്നി. ഫോട്ടോ എടുക്കാന്‍ പോലും ഞാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ക്യാമറ കണ്ടാല്‍ ഓടിയൊളിക്കണമെന്ന ഫീല്‍ ആയിരുന്നു. സിനിമയുടെ അണിയറയില്‍ നില്‍ക്കാനാണ് ഇഷ്ടം തോന്നിയിട്ടുള്ളത്,’ രേവതി കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശനൊപ്പം സഹസംവിധായികയായി തുടങ്ങിയ രേവതിയിപ്പോള്‍ സ്വതന്ത്ര സംവിധായികയാവാനുള്ള തയ്യാറെടുപ്പിലാണ്.

രേവതിയുടെ സഹോദരി കീര്‍ത്തി സുരേഷ് സൗത്ത് ഇന്ത്യന്‍ സിനിമാലോകത്ത് പേരുകേട്ട നടിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Revathy Suresh says that she faces the bodyshaming

We use cookies to give you the best possible experience. Learn more