ഭരതന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായ ചിത്രമാണ് തേവര്‍ മകന്‍. രേവതി നായികയായ ചിത്രത്തിന്റെ കഥ കമല്‍ ഹാസന്‍ തന്നെയാണ് രചിച്ചത്. ചിത്രത്തെ പറ്റിയുള്ള ഒരു ചോദ്യത്തിന് ക്ഷുഭിതയായി പ്രതികരിച്ചിരിക്കുകയാണ് രേവതി. സിനിമ ഉലകം ചാനലില്‍ സുഹാസിനി അവതാരകയായ അഭിമുഖത്തിലാണ് സംഭവം.
‘ഇതും നിങ്ങള്‍ തട്ടിയെടുത്ത മറ്റൊരു സിനിമ, മീന അഭിനയിക്കേണ്ട ചിത്രം, മീനയുടെ ഡേറ്റ് ഇല്ലാത്തുകൊണ്ട് നിങ്ങള്‍ക്ക് ലഭിച്ചു,’ എന്നാണ് തേവര്‍ മകനിലെ കഥാപാത്രത്തെ പറ്റി സുഹാസിനി പറഞ്ഞത്.
ചോദ്യത്തില്‍ പ്രകോപിതയായ രേവതി താന്‍ ഒന്നും തട്ടിയെടുത്തിട്ടില്ല എന്ന് പറയുകയായിരുന്നു. ‘നോ, സോറി, ഞാന്‍ തട്ടിയെടുത്തിട്ടില്ല. ഇത് ഭരതന്‍ സാറിനോട് ചോദിക്കണം, അദ്ദേഹം ഇന്നില്ല. അപ്പോള്‍ കമല്‍ സാറിനോട് ചോദിക്കാം. ഇത് ഞാന്‍ തട്ടിയെടുത്തിട്ടേയില്ല,’ രേവതി പറഞ്ഞു.
ഈ വേഷവും തട്ടിയെടുത്തു, ദേശീയ അവാര്‍ഡും തട്ടിയെടുത്തു, എല്ലാവരുടെയും മനസും തട്ടിയെടുത്തു, എന്ന് പറഞ്ഞു ഉടന്‍ സുഹാസിനി രംഗം ഒന്ന് കൂളാക്കുകയും ചെയ്തു. ഇതിന് ശേഷം ചിത്രത്തിലേക്ക് താന്‍ വന്നതിനെ പറ്റി രേവതിയും സംസാരിച്ചു.
‘അന്ന് പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഭരതന്‍ സാര്‍ വിളിക്കുന്നത്. രേവതി ഇങ്ങനെ ഒരു റോളുണ്ട്, മറ്റന്നാള്‍ ഡേറ്റ് വേണം, വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. വരാമെന്ന് ഞാന്‍ പറഞ്ഞു. ഭരതേട്ടന്‍ കാണണമെന്ന് പറയുന്നുണ്ട്. ഒരു ദിവസം ഓഫ് കിട്ടുമോയെന്ന് ഞാന്‍ പ്രിയനോട് ചോദിച്ചു. പ്രിയന്‍ പൊക്കോളാന്‍ പറഞ്ഞു.
പൊള്ളാച്ചിയില്‍ പോയി ഭരതേട്ടനെ കണ്ടു. അദ്ദേഹം ഒരു പ്രിന്റഡ് സ്‌ക്രിപ്റ്റ് തന്നു. അവിടെ ഇരുന്ന് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു. വളരെ രസകരമായിരുന്നു ആ സ്‌ക്രിപ്റ്റ്. രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് സ്‌ക്രിപ്റ്റ് വായിച്ചുതീര്‍ത്തു. എന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നാണ് ആലോചിച്ചത്. നാളെ ഷൂട്ട് തുടങ്ങും. പഞ്ചവര്‍ണം എന്ന കഥാപാത്രത്തെ മനസിലാക്കാന്‍ സമയമേ ഇല്ല. ആകെ പേടിയായി.
പിറ്റേന്ന് രാവിലെ ഭരതേട്ടനെ പോയി കണ്ടു. ഇതെങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. നിന്നെക്കൊണ്ട് പറ്റും, പഞ്ചവര്‍ണത്തെ നീ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നതെന്ന് ചോദിച്ച് എന്നോട് കഥാപാത്രത്തെ പറ്റി സംസാരിച്ചു.
അതിന്റെ പിറ്റേന്ന് ഒരു സീനെടുത്തു. അതിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങിയത്. ആ സീനെടുക്കുമ്പോള്‍ കഥാപാത്രത്തെ പറ്റി അറിയില്ലായിരുന്നു. പിന്നെ എനിക്ക് മനസിലായി,’ രേവതി പറഞ്ഞു.
Content Highlight: revathy’s reply about her character in thevar makan