| Thursday, 15th October 2020, 1:21 pm

ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ ഇനിയും മിണ്ടാതിരിക്കരുത്, നിലപാട് പറയണം; അമ്മ നേതൃത്വത്തിന് കത്തയച്ച് രേവതിയും പത്മപ്രിയയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് തുറന്ന കത്തെഴുതി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ അമ്മ സംഘടന മൗനം തുടരുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.സി.സിയുടെ കത്ത്.

അമ്മ സംഘടനയിലെ അംഗമായ പാര്‍വതി തിരുവോത്ത് ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് വ്യക്തമാക്കി സംഘടനയില്‍ നിന്ന് രാജി വച്ച ശേഷവും നേതൃത്വം മൗനം തുടരുകയാണ്.

അമ്മ സംഘടനയ്ക്കുള്ളിലുള്ള പലരില്‍ നിന്നുമുണ്ടായ മനോഭാവത്തേക്കുറിച്ച് തുറന്ന് പറയുന്നത് തന്നെയാണ് മാറ്റങ്ങള്‍ക്ക് കാരണമാകുകയെന്നാണ് വിശ്വാസമെന്നും കത്തില്‍ രേവതിയും പത്മപ്രിയയും പറയുന്നു.

സുഹൃത്തുക്കളെ

ഞങ്ങളുടെ തന്നെ സംഘടനയില്‍ നിന്നുണ്ടായ ചിലരുടെ മനോഭാവത്തെ ഞങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അത് പൊതുവിടത്തില്‍ സംസാരിക്കേണ്ട കാര്യമാണ്. സഹപ്രവര്‍ത്തകരോടും സ്ത്രീകളോടുമുള്ള ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ മനോഭാവത്തെ കുറിച്ച് തുറന്ന് പറയുന്നത് തന്നെയാണ് മാറ്റങ്ങള്‍ക്ക് കാരണമാകുകയെന്നാണ് വിശ്വാസം

അമ്മയില്‍ നിന്നുള്ള അംഗമെന്ന നിലയില്‍ ഇന്നലെ ഞങ്ങളുടെ സഹപ്രവര്‍ത്തകയായ പാര്‍വതി നല്‍കിയ രാജി, 2018 ല്‍ തുടങ്ങിയ ഒരു യാത്രയിലേക്കും അന്ന് അതിജീവിച്ചവളുടെ രാജിയിലേക്കും ഞങ്ങളെ തിരികെ കൊണ്ടുപോയി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയില്‍ നിന്ന് രാജിവച്ചതിന് സമാനമായ 2018 ലെ സാഹചര്യത്തിലേക്കാണ് പാര്‍വതിയുടെ രാജിയും എത്തി നില്‍ക്കുന്നത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളേക്കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഒരു ഇടം ഒരുക്കിയതായിരുന്നു ആ രാജി. എന്നാല്‍ അമ്മയുടെ നേതൃത്വത്തിന്റെ നിലപാട് ഒരു ചര്‍ച്ചകളിലും കാണാന്‍ സാധിച്ചില്ല.

ചലച്ചിത്രമേഖലയിലെ അഭിനേതാക്കള്‍ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ക്രിയാത്മക അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ ഒരു യാത്ര ഞങ്ങള്‍ ആരംഭിച്ചു. മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത, പൊതുവേദിയില്‍ ചര്‍ച്ചകള്‍ക്കുള്ള ഇടം സൃഷ്ടിക്കുന്നതുകൊണ്ട് തന്നെ ഞങ്ങളുടെ ആ ശ്രമങ്ങള്‍ ഫലപ്രദമായിരുന്നു.

എന്നാല്‍ മുന്‍കാലങ്ങളിലെന്നപോലെ തന്നെ അമ്മയുടെ ജനറല്‍ സെക്രട്ടറി സമീപകാലത്ത് നല്‍കിയ ഒരു അഭിമുഖം വീണ്ടും അപകടകരമായ ഒരു മാതൃക നല്‍കിയിരിക്കുകയാണ്.

അമ്മ നേതൃത്വത്തിലെ ചില അംഗങ്ങള്‍ക്ക് അവരുടെ സ്ഥാനം ഉപയോഗിച്ച് ചിലരെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയും എന്നതിന്റെ ഒരു ഉദാഹരണമായിരുന്നു അത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തിക്കെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃക.

50 ശതമാനത്തോളം വനിതാ അംഗങ്ങളുള്ള ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയില്‍ അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല പകരം അവരേയും അവരുടെ പ്രശ്നങ്ങളെയും പൊതുവായി അന്യവല്‍ക്കരിക്കാനും പരിഹസിക്കാനും എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു.

ഒരു സംഘടനയെന്ന നിലയില്‍ അമ്മ സംഘടന കൂട്ടായി അഭിമുഖീകരിക്കുന്ന ഒരു വിഷയമായിട്ടുകൂടി മുഴുവന്‍ നേതൃത്വവും മിണ്ടാതിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങളുടെ സഹപ്രവര്‍ത്തകരും മാധ്യമങ്ങളും നിങ്ങള്‍ എന്താണ് മിണ്ടാതിരിക്കുന്നതെന്ന് ഞങ്ങള്‍ രണ്ടുപേരോടും ചോദിക്കുന്നു,

ഇത് പത്മപ്രിയയയോ അല്ലെങ്കില്‍ രേവതിയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ പ്രതികരിക്കുകയോ രാജിവെക്കുകയോ ചെയ്യേണ്ട കാര്യമാണോ? ഒരുപക്ഷേ അതെയെന്നായിരിക്കാം. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഞങ്ങളെ ചോദ്യം ചെയേണ്ടതിന് പകരം അമ്മ നേതൃത്വം ആദ്യം അവരുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.

ഞങ്ങളെ ചോദ്യം ചെയ്യുന്നതിനുപകരം, അവര്‍ സ്വയം ചോദ്യം ചെയ്യുകയും അവരുടെ കാഴ്ചപ്പാടുകള്‍ ഞങ്ങളുമായി പങ്കിടുകയും ചെയ്യേണ്ട സമയമാണിത്.

ഞങ്ങള്‍ രണ്ടുപേരും അമ്മ നേതൃത്വത്തിലുള്ള ഓരോ അംഗത്തിനും (ഈ കുറിപ്പിന്റെ അവസാനം പട്ടികപ്പെടുത്തിയിരിക്കുന്നു) ഇനിപ്പറയുന്ന ചോദ്യങ്ങളടങ്ങുന്ന ഒരു കത്തയച്ചിട്ടുണ്ട്.

1. കഴിഞ്ഞ ദിവസം ശ്രീ ഇടവേള ബാബു മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ചും അതേദിവസം വൈസ് പ്രസിഡന്റ് ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയെ കുറിച്ചും വ്യക്തിയെന്ന നിലയിലും അമ്മ നേതൃത്വത്തിന്റെ ഭാഗമായവരെന്ന നിലയിലും എന്താണ് നിങ്ങളുടെ നിലപാട്?

2. നേതൃത്വത്തിലെ ചില അംഗങ്ങള്‍ അമ്മയെയും ചലച്ചിത്രമേഖലയെയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറുമ്പോള്‍ അതില്‍ എന്ത് നടപടിയാണ് ഉണ്ടാകുക?

3. എ.എം.എ.എയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളോട് ജനറല്‍ സെക്രട്ടറി നടത്തിയ പ്രതികരണത്തിന്റെ വെളിച്ചത്തില്‍, പീഡനങ്ങള്‍ തടയാനും ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന പോഷ് ആക്റ്റ് നേതൃത്വം നിലവില്‍വരുത്തിയിട്ടുണ്ടോ?

#Avalkoppam #SpeakUpAMMAleadership
രേവതി & പത്മപ്രിയ

എ.എം.എം.എ നേതൃത്വം 2018-2021: മോഹന്‍ലാല്‍, മുകേഷ്, ജഗദീഷ്, അജു വര്‍ഗീസ്,ആസിഫ് അലി, ബാബുരാജ് ജേക്കബ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Revathy, Padmapriya letter To WCC on Idavela Babu Issue

We use cookies to give you the best possible experience. Learn more