'നമ്മള്‍ വിശ്വാസികളാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ ഈ അവസരം കാരണമായി' രാം മന്ദിറിനെക്കുറിച്ച് രേവതി
Entertainment
'നമ്മള്‍ വിശ്വാസികളാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ ഈ അവസരം കാരണമായി' രാം മന്ദിറിനെക്കുറിച്ച് രേവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd January 2024, 4:06 pm

അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും പ്രശസ്തയായ രേവതി രാമക്ഷേത്രത്തെക്കുറിച്ച് ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. പ്രാണപ്രതിഷ്ഠാ ദിവസം അയോധ്യയില്‍ എത്തിയതിന്റെ അനുഭവത്തെക്കുറിച്ചാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത്. ജയ് ശ്രീറാം, ഇന്നലെ ജീവിതത്തില്‍ മറക്കാനാകാത്ത ദിവസമായിരുന്നു എന്ന് പറഞ്ഞാണ് രാം ലല്ലയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം

‘ജയ് ശ്രീ റാം. ഇന്നലെ ജീവിതത്തില്‍ മറക്കാനാകാത്ത ദിവസമായിരുന്നു. രാം ലല്ലയുടെ മോഹിപ്പിക്കുന്ന മുഖം കാണുമ്പോള്‍ എന്റെ ഉള്ളില്‍ എന്തോ ഇളകിമറിയുന്ന തരത്തിലുള്ള അനുഭൂതി ഉണ്ടാവുമെന്ന് അറിയില്ലായിരുന്നു. മതേതര ഇന്ത്യ എന്നത് ശക്തമായ ഒന്നാണെന്ന് തോന്നുന്നതും, നമ്മുടെ മതവിശ്വാസങ്ങളെ നമ്മിലേക്ക് തന്നെ ഒതുക്കാനും, ഹിന്ദുവായി ജനിച്ച് നമ്മുടെ വിശ്വാസങ്ങള്‍ നമ്മുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്താതെ ഇരിക്കുകയും ചെയ്യാന്‍ കഴിഞ്ഞത് എങ്ങനെയെന്ന് ആലോചിക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു.

ശ്രീരാമ ഭഗവാന്റെ തിരിച്ചുവരവ് ഇതിലെല്ലാം മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒന്നുമല്ലെങ്കിലും നമ്മള്‍ എല്ലാം വിശ്വാസികളാണെന്ന കാര്യമെങ്കിലും ഉറക്കെ വിളിച്ചു പറയാന്‍ നമുക്കായി എന്നത് അത്തരത്തിലുള്ള മാറ്റങ്ങളില്‍ ഒന്നാണ്. ജയ് ശ്രീ റാം’ . പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ എത്തി. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പോലുള്ള സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ രേവതിയുടെ അടുത്ത് നിന്ന് ഇങ്ങനെ ഒരു പോസ്റ്റ് പ്രതീക്ഷിച്ചില്ല, തനിനിറം പുറത്തു കാണിച്ചു എന്നീ കമന്റുകളാണ് അവയില്‍ ചിലത്.

സിനിമാ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേണ്ടി 2017ല്‍ സ്ഥാപിച്ചതാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. അതിന്റെ ആദ്യകാല മെമ്പര്‍മാരില്‍ ഒരാളാണ് രേവതി. അതേ സമയം പ്രാണപ്രതിഷ്ഠാ ദിനത്തില്‍ സംഘടനയിലെ മറ്റ് അംഗങ്ങളായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവര്‍ ഭരണഘടനയുടെ ആമുഖം സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്തിരുന്നു. സംവിധായകരായ ജിയോ ബേബി, ആഷിക് അബു, കമല്‍ എന്നിവരും ഭരണഘടനയുടെ ആമുഖം ഷെയര്‍ ചെയ്തു.

Content Highlight: Revathy about Ram mandir Ayodhya