കൊച്ചി: നടന്‍ സിദ്ദിഖിനെതിരെ പൊലീസില്‍ പരാതി. അഭിനേത്രി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ പരാതി നല്‍കിയത്. പൊലീസ് മേധാവിക്ക് ഇ-മെയില്‍ മുഖേന പരാതി കൈമാറുകയായിരുന്നു. സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രസ്തുത പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
മാധ്യമങ്ങളിലൂടെയാണ് സിദ്ദിഖിനെതിരെ രേവതി ആരോപണങ്ങള്‍ ഉന്നയിച്ചത്. മുമ്പും സമാനായ ആരോപണങ്ങള്‍ രേവതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള രേവതിയുടെ വെളിപ്പെടുത്തല്‍ അവസാനിച്ചത്, താരസംഘടനായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ദിഖിന്റെ രാജിയിലാണ്.
എന്നാല്‍ സിദ്ദിഖിനെതിരെ പരാതി നല്‍കുന്നതില്‍ രേവതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ പരാതി നല്‍കുള്ളുവെന്ന് അഭിനേത്രി പ്രതികരിച്ചിരുന്നു. നിലവില്‍ ലൈംഗികാതിക്രമത്തില്‍ സിദ്ദിഖിനെതിരെ രേവതി നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.
പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയായ അജിത ബീഗവുമായി സംസാരിച്ചതിന് ശേഷമാണ് രേവതി നിയമനടപടി സ്വീകരിച്ചത്. നാളെ (ബുധനാഴ്ച) മൊഴി എടുത്തതിന് ശേഷം സിദ്ദിഖിനെതിരെ കേസ് എടുക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മുകേഷ്, ജയസൂര്യ, മണിയണപിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ അഭിനേത്രി മിനു മുനീര്‍ പരാതി നല്‍കി. മാധ്യമങ്ങളിലൂടെയാണ് മിനു മുനീറും ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മിനു പരാതി നല്‍കാന്‍ തയ്യാറായത്.
എന്നാല്‍ മിനുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ് രംഗത്തെത്തിയിരുന്നു. മിനു പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായും ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്നും ഇടതു എം.എല്‍.എ കൂടിയായ മുകേഷ് പറഞ്ഞിരുന്നു. കൂടാതെ രേവതി സമ്പത്ത് ഉന്നയിച്ച ആരോപണങ്ങള്‍ക്കതിരെ നടന്‍ സിദ്ദിഖ് ഇന്നലെ പരാതി നല്‍കിയിരുന്നു.
ഇതിനുപുറമെ ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര നല്‍കിയ പരാതിയില്‍ സംവിധാകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ശ്രീലേഖ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുകയായിരുന്നു.
Content Highlight: Revathi Sampath filed a police complaint against actor Siddique