| Saturday, 31st August 2024, 1:59 pm

യുവാവിന്റെ നഗ്ന ചിത്രങ്ങൾ രഞ്ജിത്ത് അയച്ചിട്ടില്ല, പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കേണ്ടതില്ല: രേവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്ന ചിത്രങ്ങൾ തനിക്കയച്ചെന്ന ആരോപണം തെറ്റാണെന്ന് നടി രേവതി. തന്റെ പേരുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദത്തെ കുറിച്ചറിയാമെന്നും പക്ഷെ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ചിത്രവും രഞ്ജിത്ത് തനിക്ക് അയച്ച് തന്നിട്ടില്ലെന്നും രേവതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ രേവതി കൂട്ടിച്ചേർത്തു.

‘രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതിനാൽ ആ വിഷയത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ല,’രേവതി പറഞ്ഞു.

രഞ്ജിത്തിനെതിരെ പരാതി നൽകിയ കോഴിക്കോട് സ്വദേശിയായ യുവാവ് 2012ൽ ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് തന്റെ നഗ്ന ചിത്രങ്ങൾ പകർത്തിയെന്നും അതൊരു നടിക്ക് അയച്ച് കൊടുത്തെന്നും പറഞ്ഞിരുന്നു. പിന്നാലെ ആ നടി രേവതിയാണെന്ന് രഞ്ജിത്ത് തന്നോട് പറഞ്ഞതായും യുവാവ് മൊഴി നൽകിയിരുന്നു.

അതേസമയം ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയുമായി ബന്ധപ്പെട്ട ആദ്യത്തെ കേസിന് പുറമേ ഇപ്പോൾ യുവാവിന്റെ പരാതിയിൽ ലൈംഗികാതിക്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നാടകീയമായ സംഭവങ്ങളാണ് മലയാള സിനിമയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വെച്ചിരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടൻ സുധീഷിനെതിരെയും ഇടവേള ബാബുവിനെതിരെയും ഇന്ന് കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: Revathi React Allegations Against Her About Ranjith Issue

We use cookies to give you the best possible experience. Learn more