ആദര്‍ശങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന തന്റെ പഴയ സഹപ്രവര്‍ത്തകര്‍ എവിടെ പോയെന്നോര്‍ത്ത് തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് നടിയും സംവിധായകയുമായ രേവതി. ചെ ഗുവേരെയെ പറ്റി ആദ്യമായി കേള്‍ക്കുന്നത് തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ സിനിമയിലെ തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നാണെന്നും അന്ന് ചെ ഗുവേരെയെ വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത് തനിക്ക് ലജ്ജ തോന്നിയിട്ടുണ്ടെന്നും രേവതി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം.
വിപ്ലവ ചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ അധികാരസ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന അനുഭവസമ്പന്നരായ മധ്യവയസ്‌കരാണെന്നും നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30- 35 വര്‍ഷം മുന്‍പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ലെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
അവരൊക്കെ എവിടെയാണ്, കേരളം വിട്ടുപോയോ എന്നും രേവതി ചോദിച്ചു. ‘ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറയ്ക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു സഖാവാണ്,” എന്ന ചെ ഗുവേരയുടെ വാക്കുകളും രേവതി കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സജീവ ചര്‍ച്ചയിലായിരിക്കെയാണ് രേവതിയുടെ കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വനിതാ കമ്മീഷനെ കണ്ടിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ല്യൂ.സി.സി ഉന്നയിച്ച ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഡബ്ല്യൂ.സി.സി അംഗങ്ങളായ നടി പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.
നടിക്ക് നീതി ലഭിക്കാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഇനി കാത്തിരിക്കാമന്‍ വയ്യെന്നും അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ അല്ലെന്നും കമ്മിറ്റി ആണെന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രേവതിയുടെ കുറിപ്പ്
‘ചെ ഗുവേരയെ കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിലാണ്, അന്ന് ഞാന്‍ മലയാളം സിനിമകള്‍ ചെയ്യുകയാണ്.
എന്റെ മലയാളികളായ സഹപ്രവര്‍ത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ, 80കളുടെ തുടക്കത്തില്‍ ചെ ഗുവേരയുടെ ആശയങ്ങളെയും വാക്കുകളെയും കുറിച്ച് വാചാലരാവുകയും അദ്ദേഹത്തിന്റെ മുഖം നിറഞ്ഞ ഷര്‍ട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞുനടക്കുകയും ചെയ്തപ്പോള്‍ എനിക്ക് ലജ്ജ തോന്നി, ഞാനിതുവരെ ചെ ഗുവേരയെ വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത്.
വിപ്ലവ ചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ അധികാരസ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന അനുഭവസമ്പന്നരായ മധ്യവയസ്‌കരാണ്, എല്ലാ മേഖലകളിലും തീരുമാനങ്ങള്‍ എടുക്കുന്ന പൗരന്മാര്‍, അതും അതേ കേരളത്തില്‍…
പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30- 35 വര്‍ഷം മുന്‍പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടുപോയോ? അത്ഭുതം തോന്നുന്നു,”
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: revathi-facebook-note-where-are-those-revolutionaries-who-dreamed-of-justice