| Saturday, 22nd January 2022, 7:40 pm

അമ്മ-മകന്‍/മകള്‍ എന്ന് പറഞ്ഞ് നിരവധി കഥകള്‍ വന്നിട്ടുണ്ട്, പക്ഷേ എല്ലാത്തിലും കെട്ടിപിടുത്തവും ഉമ്മവെക്കലുമാണ്: രേവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭൂതകാലം’ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷെയ്ന്‍ നിഗവും രേവതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് സോണി ലീവില്‍ പ്രദര്‍ശനത്തിനെത്തിയത്.

അമ്മയും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മികച്ചതായി തന്നെയാണ് രേവതിയും ഷെയ്‌നും അവതരിപ്പിച്ചത്. അതേസമയം, തന്നെ തേടി നിരവധി അമ്മ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ വ്യത്യസ്തമായ ഒന്നിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും പറയുയാണ് രേവതി. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രേവതിയുടെ പ്രതികരണം.

കുറച്ചുകാലം മുന്നേയാണ് രാഹുല്‍ ഈ കഥ എന്നോട് പറയുന്നത്. അമ്മയും മകനുമാണെങ്കില്‍ അല്ലെങ്കില്‍ മകളുമാണെങ്കില്‍ എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയാണ് മലയാള സിനിമയില്‍ കാണുന്നത്. അമ്മ എന്ന് പറഞ്ഞ് ഒരുപാട് കഥകള്‍ എന്റെയടുത്ത് വന്നിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ അതൊക്കെ നല്ലതാണ്. പക്ഷേ കോപ്ലിക്കേഷന്‍സും ഉണ്ട്.

അതില്‍ നിന്നും വ്യത്യസ്തമായ ഒന്നിന് വേണ്ടി ശ്രമിക്കുകയായിരുന്നു ഞാന്‍. അങ്ങനെ ഈ കഥ വന്നപ്പോള്‍ ഞാന്‍ വളരെ ത്രില്ലിലായിരുന്നു,’ രേവതി പറഞ്ഞു.

‘ഇത് ചെയ്യാന്‍ പറ്റുമോ എന്ന സംശയം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. നല്ല ആഴമുള്ള കഥാപാത്രമാണ്. എന്താണ്, ആരാണ് ഈ സ്ത്രീ എന്ന കണ്ടുപിടിക്കാനേ കഴിയില്ല. അതിനെ മനസിലാക്കിയെടുക്കാന്‍ ഞാന്‍ കുറച്ച് സമയമെടുത്തു. പിന്നെ ആ കഥാപാത്രം എനിക്ക് ഇഷ്ടമായി.

ഈ സിനിമയില്‍ അമ്മയും മകനും അടിയാണ്. അതും മൗനത്തിലൂടെ. വളരെ യാഥാര്‍ത്ഥ്യമുള്ളതായി തോന്നി,’ രേവതി കൂട്ടിച്ചേര്‍ത്തു.

ഭൂതകാലം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം. ഷെയ്ന്‍ നിഗത്തിന്റെ അഭിനയം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പില്‍ എല്ലാവരും എടുത്തുപറയുന്നത്. രേവതിയുടെ പ്രകടനവും ഒന്നിനൊന്ന് മികച്ചതായി തന്നെ നില്‍ക്കുന്നു. ഭൂതകാലം’ എന്ന ചിത്രം സംവിധാനം ചെയ്ത രാഹുല്‍ സദാശിവനെയും അഭിനന്ദിച്ചാണ് സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പുകള്‍.

ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബ്, സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറിലാണ നിര്‍മാണം. ഷെയ്ന്‍ നിഗമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.

രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബിനു മുരളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: revathi about bhoothakalam

We use cookies to give you the best possible experience. Learn more