കൊച്ചി: കഴിഞ്ഞ ദിവസം ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്ന് അന്ത്യകര്‍മ്മം ചെയ്ത രേവത്. ഒരു പുജാരിയും പെണ്‍കുട്ടിയുടെ അന്ത്യ കര്‍മ്മം ചെയ്യാന്‍ തയ്യാറായില്ല. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് ഇവരൊക്കെ ചോദിച്ചെതെന്നും രേവത് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒരു കര്‍മ്മവും പൂര്‍ണമായും അറിഞ്ഞിട്ടല്ല ചെയ്തതെന്നും പെണ്‍കുട്ടിയെ അപമാനിച്ചവര്‍ മനുഷ്യരല്ലെന്നും രേവത് കൂട്ടിച്ചേര്‍ത്തു.
‘ആലുവയില്‍ പോയി, മാളയില്‍ പോയി. അതേപോലെ കുറുമശ്ശേരി ഭാഗത്തൊക്കെ പോയി ആരാഞ്ഞു. ഒരു പുജാരിയും പെണ്‍കുട്ടിയുടെ അന്ത്യ കര്‍മ്മം ചെയ്യാന്‍ തയ്യാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല.
ഹിന്ദിക്കാരിയുടെ കുട്ടിയല്ലെ എന്നാണ് അവരൊക്കെ ചോദിച്ചത്.
ഹിന്ദിക്കാരിയുടെ കുട്ടിയാണെങ്കിലെന്താ.? മനുഷ്യന്മാരല്ലേ.
ഞാന്‍ കരുതി ഒന്നുംവേണ്ട, നമ്മുടെ കുട്ടിയല്ലെ, ഞാന്‍ തന്നെ കര്‍മ്മം ചെയ്യാമെന്ന് കരുതി. ഒരു കര്‍മ്മവും അറിഞ്ഞിട്ടല്ല. ഒരാള്‍ മരിച്ച കര്‍മ്മം മാത്രമെ ഇതുവരെ ചെയ്തുള്ളു. അവരുടെ ചോദ്യം കേട്ടപ്പോള്‍ വല്ലാത്തൊരു വിഷമം തോന്നി,’ രേവത് പറഞ്ഞു.
ആലുവയില്‍ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം ഇന്ന് 11 മണിയോടെയാണ് സംസ്‌കരിച്ചത്. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരുന്നു സംസ്‌കാരം.
Content Highlight: Revat said performed the last rites of the five-year-old girl who was killed in Aluva the other day, was not prepared by the priests