national news
മോദിയെ ഇറക്കിയെട്ടൊന്നും കാര്യമില്ല, ദക്ഷിണേന്ത്യയില്‍ ബി.ജെ.പി 15 സീറ്റില്‍ കൂടുതല്‍ നേടില്ല; രേവന്ത് റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 18, 02:12 pm
Thursday, 18th April 2024, 7:42 pm

ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് 15 സീറ്റിൽ കൂടുതല്‍ നേടാനാകില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ദക്ഷിണേന്ത്യയിലെ 130 ലോക്‌സഭാ സീറ്റുകളില്‍ 15 സീറ്റുകളില്‍ താഴെ മാത്രമേ ബി.ജെ.പി ജയിക്കുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയെ നിരന്തരം കളത്തിലിറക്കിയെങ്കിലും അതിലൊന്നും കാര്യമില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

‘2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി , കേരളവും തമിഴ്‌നാടും ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ഈ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്നാല്‍ അതുകൊണ്ടൊന്നും ബി.ജെ.പിക്ക് പിന്തുണ വര്‍ധിപ്പിക്കാന്‍ സാധിക്കില്ല,’ രേവന്ത് റെഡ്ഡി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ 130 സീറ്റുകളില്‍ 115നും 120നും ഇടയില്‍ സീറ്റുകള്‍ ഇന്ത്യാ സഖ്യം നേടുമെന്നും അദ്ദേഹം പറഞ്ഞു. ‘ദക്ഷിണേന്ത്യയില്‍ 130 സീറ്റുകളുണ്ട്. ഇതില്‍ ബി.ജെ.പിക്ക് 12, 15 സീറ്റുകളിലേ വിജയിക്കാന്‍ സാധിക്കുള്ളൂ. ബാക്കിയുള്ള മണ്ഡലങ്ങള്‍ ഇന്ത്യാ മുന്നണിക്കൊപ്പം നില്‍ക്കും,’ രേവന്ത് റെഡ്ഡി പറഞ്ഞു.

കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ തന്നെയാണ് വിജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളില്‍ 14ലും ഇന്ത്യാ മുന്നണി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  Revanth Reddy has predicted the Bharatiya Janata Party will struggle in South India