| Saturday, 20th July 2024, 3:37 pm

31,000 കോടിയോളം വരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാൻ ആരംഭിച്ച് തെലങ്കാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി തുടങ്ങി തെലങ്കാനയിലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്ഥാനത്തെ 40 ലക്ഷത്തോളം കര്‍ഷകര്‍ക്ക് വേണ്ടി 31,000 കോടി രൂപയുടെ പദ്ധതിയാണ് തെലങ്കാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയത്.

സംസ്ഥാനത്തിന് ഇതിനോടകം 6.71 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് ഉള്ളത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കടങ്ങള്‍ എഴുതിത്തള്ളുന്നത് ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നതിനൊപ്പം ആറ് ക്ഷേമ പദ്ധതികള്‍ കൂടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മോശം സ്ഥിതിയിലാണെന്നത് ശരിയാണെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് വികസന സാമ്പത്തിക വിദഗ്ധന്‍ ഡോ. ഡി നരസിംഹ റെഡ്ഡി പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നത്. ആദ്യം ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. രണ്ടാം ഘട്ടത്തില്‍ ഒന്നരലക്ഷം രൂപയുടെ വായ്പകളും എഴുതിത്തള്ളും. ഓഗസ്റ്റ് പകുതിയോടെ രണ്ടുലക്ഷം രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും തെലങ്കാന സര്‍ക്കാരിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച തെലങ്കാന സെക്രട്ടേറിയറ്റില്‍ നടന്ന പരിപാടിയിലാണ് വായ്പ എഴുതിത്തള്ളുന്ന പദ്ധതി രേവന്ത് റെഡ്ഡി ആരംഭിച്ചത്. പരിപാടിയില്‍ ഏതാനും ഗുണഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചെക്കുകള്‍ കൈമാറി. കര്‍ഷകരുമായി രേവന്ത് റെഡ്ഡി സംവദിക്കുകയും ചെയ്തു.

11 ലക്ഷത്തിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 6,098 കോടി രൂപ നിക്ഷേപിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഒന്നര മാസത്തിനുള്ളില്‍ സംസ്ഥാനം സ്വരൂപിച്ച 200 മുതല്‍ 300 കോടി രൂപ വരെയുള്ള പ്രതിദിന നികുതിയേതര വരുമാനത്തില്‍ നിന്ന് 6,000 കോടിയിലധികം രൂപ സ്വരൂപിക്കാനാകുമെന്ന് ഉന്നത ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവഴിയാണ് ആദ്യ ഘട്ടത്തില്‍ വായ്പകള്‍ എഴുതിത്തള്ളുകയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാക്കി തുക സര്‍ക്കാര്‍ കണ്ടെത്തുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കര്‍ഷകര്‍ക്ക് ജൂണില്‍ വിതരണം ചെയ്യേണ്ട 7,000 കോടി രൂപയുടെ പദ്ധതിയില്‍ നിന്നാണ് 6,098 കോടി രൂപ വകമാറ്റിയതെന്ന് മുന്‍ മന്ത്രിയും ബി.ആര്‍.എസ് വര്‍ക്കിങ് പ്രസിഡന്റുമായ കെ. ടി രാമറാവു ആരോപിച്ചു.

Content Highlight: Revanth govt rolls out farm loan waiver set to cost state Rs 31,000-cr, benefit 40L Telangana farmers

We use cookies to give you the best possible experience. Learn more