| Wednesday, 6th March 2019, 10:47 am

തകര്‍ത്തെന്ന് ഇന്ത്യ അവകാശപ്പെട്ട ജെയ്‌ഷെ മദ്രസകളെല്ലാം അവിടെത്തന്നെയുണ്ട്: സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റോയിറ്റേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ ജെയ്‌ഷെ-ഇ-മുഹമ്മദ് നടത്തുന്ന മദ്രസ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന റസല്യൂഷനിലുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ പരിശീലന ക്യാമ്പ് വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് ഇന്ത്യ അവകശപ്പെട്ട് ദിവസങ്ങള്‍ക്കിപ്പുറവും ക്യാമ്പ് അതേപടിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്റര്‍ ആയ പ്ലാനറ്റ് ലാബ് ഇങ്കാണ് ചിത്രങ്ങള്‍ എടുത്തത്. ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെട്ടതിന് ആറ് ദിവസത്തിനിപ്പുറം മാര്‍ച്ച് നാലിന് എടുത്ത ചിത്രങ്ങളില്‍ മദ്രസയുണ്ടായിരുന്ന ഇടത്തെ ചുരുങ്ങിയത് ആറ് കെട്ടിടങ്ങളെങ്കിലും കാണാം.

ഇതേ സ്ഥാപനം 2018 ഏപ്രിലില്‍ എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല പുതിയ ചിത്രങ്ങളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെട്ടിടങ്ങളുടെ മുകളില്‍ പ്രത്യക്ഷത്തില്‍ യാതൊരു കേടുപാടുകളുമില്ല. മദ്രസ പരിസരത്ത് വ്യോമാക്രമണത്തില്‍ ചുവരുകള്‍ തകര്‍ന്നതിന്റെയോ മരങ്ങള്‍ മുറിഞ്ഞുവീണതിന്റെയോ യാതൊരു അടയാളവുമില്ല.

ജാബ ഗ്രാമത്തിലെ മദ്രസ പ്രദേശത്തെയും ബാലാകോട്ട് നഗരത്തിലെയും ലക്ഷ്യസ്ഥാനങ്ങളിലെല്ലാം ആക്രമണം നടത്താന്‍ കഴിഞ്ഞുവെന്ന് കഴിഞ്ഞ എട്ടുദിവസമായി സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തുന്ന അവകാശവാദങ്ങളില്‍ സംശയമുയര്‍ത്തുന്നതാണ് ഈ ചിത്രങ്ങള്‍.

Also read:പുല്‍വാമ ആക്രമണം “ആക്‌സിഡന്റ് “തന്നെയെന്ന് യു.പി ഉപമുഖ്യമന്ത്രി; ഇപ്പോള്‍ എന്തുപറയുന്നെന്ന് മോദിയോട് ദിഗ്‌വിജയ് സിങ്

സാറ്റലൈറ്റ് ഇമേജുകളുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാന്‍ ഇന്ത്യയുടെ വിദേശ, പ്രതിരോധ മന്ത്രിമാര്‍ തയ്യാറായിട്ടില്ലെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ബാലാകോട്ട് മേഖലയില്‍ വ്യോമാക്രമണത്തില്‍ ക്യാമ്പ് തകര്‍ന്നതിനും ആളുകള്‍ കൊല്ലപ്പെട്ടതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പ്രദേശം സന്ദര്‍ശിച്ച റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞത്. പ്രദേശത്ത് വലിയ തോതിലുള്ള സ്‌ഫോടനമുണ്ടായിട്ടുണ്ട്. എന്നാല്‍ ബോംബ് മരങ്ങളിലാണ് പതിച്ചതെന്നാണ് തോന്നുന്നതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്.

ജാബയിലെ മരങ്ങള്‍ തിങ്ങിനിറഞ്ഞ ഇടത്ത് നാല് കുഴികളും തകര്‍ന്ന ചില പൈന്‍മരങ്ങളും ഗ്രാമവാസികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടിത്തിരുന്നു. ഫെബ്രുവരി 26ന് പുലര്‍ച്ചെ മൂന്നുമണിക്കുണ്ടായ ആക്രമണത്തില്‍ മറ്റ് പ്രത്യാഘാതങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

“അത് എല്ലാറ്റിനേയും കുലുക്കിക്കളഞ്ഞു” എന്നാണ് പ്രദേശത്ത് ജോലി ചെയ്യുന്ന ഒരു വാന്‍ ഡ്രൈവര്‍ പറഞ്ഞത്. അവിടെയൊരു മനുഷ്യനും പരിക്കുപറ്റിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ” ആരും മരിച്ചിട്ടില്ല. ചില പൈന്‍ മരങ്ങള്‍ മാത്രമാണ് മരിച്ചത്. അത് മുറിച്ചു കളഞ്ഞു. പിന്നെ ഒരു കാക്കയും മരിച്ചിട്ടുണ്ട്.” എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

We use cookies to give you the best possible experience. Learn more