| Tuesday, 7th May 2019, 10:45 am

'ന്യൂസ്‌റൂമിലേക്ക് പോകാന്‍ തിടുക്കമാവുന്നു'; റോഹിംഗ്യാ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബര്‍മ: ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ ജയിലിടച്ച റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകരെ വെറുതെ വിട്ടു. മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യാവ് സോയ് ഊ എന്നിവര്‍ കഴിഞ്ഞ 500ലധികം ദിവസമായി യാന്‍ഗോണ്‍ പ്രവിശ്യയിലെ ജയിലിലായിരുന്നു കഴിഞ്ഞത്.

ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷയായിരുന്നു മ്യാന്‍മര്‍ സര്‍ക്കാര്‍ ഇവര്‍ വിധിച്ചിരുന്നത്. മ്യാന്‍മര്‍ ജനാധിപത്യത്തില്‍ നിന്നും അകന്നു പോകുന്നുവെന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

‘ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഞാന്‍ അതായിത്തന്നെ തുടരും. ന്യൂസ്‌റൂമിലേക്ക് തിരിച്ച് പോവാന്‍ തിടുക്കമാവുന്നു’- വെറുതെ വിട്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വാ ലോണ്‍ പറഞ്ഞു.

മ്യാന്‍മറിന്റെ പുതുവത്സരത്തിന് രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരെ വെറുതെ വിടുന്നത് കാലങ്ങളായി തുടര്‍ന്നു പോരുന്ന പ്രക്രിയയാണ്. ഇതിന്റെ ഭാഗമായാണ് ഇരുവരേയും വിട്ടയച്ചത്.  6250 പേരെയാണ് ഈ വര്‍ഷം മ്യാന്‍മര്‍ വെറുതെ വിട്ടത്.

രണ്ടു മാധ്യമപ്രവര്‍ത്തകരും രാജ്യത്തെ ഒരു നിയമവും ലംഘിച്ചില്ലെന്ന് റോയിട്ടേഴ് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഭയത്തെ മറികടന്ന് നിലപാടുകളെടുത്ത മാധ്യമപ്രവര്‍ത്തകരെ ആദരിക്കാനായി 2018ല്‍ ടൈംസ് മാഗസിന്‍ തങ്ങളുടെ മുഖച്ചിത്രമായി ഉള്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരില്‍ ഇരുവരുമുണ്ടായിരുന്നു.

തങ്ങളുടെ ധീരരായ മാധ്യപ്രവര്‍ത്തകരെ വെറുതെ വിട്ട മ്യാന്‍മറിന്റെ നടപടിയില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, റോയിട്ടേഴ്‌സിന്റെ എഡിറ്ററുടെ പ്രസ്താവനയില്‍ പറയുന്നു.

മ്യാന്‍മറിലെ റോഹിംഗ്യാ അഭയാര്‍ത്ഥികളെ സുരക്ഷാ സേനയും രാജ്യത്തെ തീവ്രബുദ്ധ മതക്കാരും ചേര്‍ന്ന് കൊലപ്പെടുത്തിയ ഭീകരസംഭവങ്ങള്‍ പുറത്തു വിട്ടതിന് ഇരുവര്‍ക്കും പുലിസ്റ്റര്‍ ബഹുമതി ലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more