ചൊവ്വയില്‍ കാര്‍ബണ്‍ സാന്നിദ്ധ്യം
TechD
ചൊവ്വയില്‍ കാര്‍ബണ്‍ സാന്നിദ്ധ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2012, 3:20 pm

നാസ: ചൊവ്വയില്‍ കാര്‍ബണ്‍ സാന്നിദ്ധ്യമുള്ളതായി നാസയുടെ ബഹിരാകാശ പേടകം ക്യൂരിയോസിറ്റി നടത്തിയ പരിശോധനയില്‍ സൂചന. ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ കാര്‍ബണിന്റെ സാന്നിദ്ധ്യമുള്ളത് ജീവന്റെ നിലനില്‍പ്പിന് അനുകൂല സാഹചര്യം ചൊവ്വയില്‍ ഉണ്ടെന്നതിന്റെ സൂചനയാണ്.[]

ഭൂമിയില്‍ ജീവന്റെ ഉത്ഭവത്തിന് കാരണമായ കാര്‍ബണ്‍ അതേ പ്രവര്‍ത്തനം തന്നെയാണോ ചൊവ്വയുടെ പ്രതലത്തിലും ചെയ്യുന്നതെന്നാണ് ഇനി അറിയേണ്ടത്.

ഓര്‍ഗാനിക് മൂലകമായ കാര്‍ബണ്‍ മാത്രമുണ്ടായത് കൊണ്ട് ജീവന് സാധ്യതയില്ല. ജലമാണ് പ്രധാന ഘടകം. നാസ ശാസ്ത്രജ്ഞനായ ഗ്രേറ്റ്‌സിങ്ങര്‍ പറയുന്നതും ഇത് തന്നെയാണ്.

കാര്‍ബണും ജലവും ഉണ്ടെങ്കില്‍ പോലും സള്‍ഫര്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, നൈട്രജന്‍ തുടങ്ങിയ മൂലകങ്ങളുടെയും സാന്നിധ്യവും ജീവന്റെ ഉദ്ഭവത്തിന് അനിവാര്യമാണ്.

ചൊവ്വയില്‍ ജീവന്റെ ഉദ്ഭവത്തിന് സാധ്യതയുണ്ടോയെന്ന ദൗത്യം ഏല്‍പ്പിച്ചാണ് നാസ ക്യൂരിയോസിറ്റിയെ ചൊവ്വയിലേക്ക് അയച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ക്യൂരിയോസിറ്റി ചൊവ്വാപ്രതലത്തില്‍ ഇറങ്ങിയത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം ക്യൂരിയോസിറ്റി നേരത്തേ കണ്ടെത്തിയിരുന്നു.

അതേസമയം, ചൊവ്വാപ്രതലത്തിലെ കാര്‍ബണ്‍ സാന്നിധ്യം എങ്ങനെ വന്നുവെന്ന് ഒരു പിടിയുമില്ല. ധൂമകേതുക്കള്‍ വഴിയോ, ക്ഷുദ്രഗ്രഹങ്ങളിലൂടെയോ ചൊവ്വായില്‍ തന്നെ എന്നെങ്കിലും ജൈവപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടായതാണോ എന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്.