കേരള മുസ്‌ലിംകളുടെ ഐക്യത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത്, അവരുടെ തന്നെ അഭിമാനകരമായ അസ്ത്വത്തിന് നിര്‍ണായക പങ്ക് വഹിച്ച സംഘടനാ സംവിധാനങ്ങള്‍ തന്നെയാണ്. സംഘടന എന്ന സംവിധാനത്തെ പൂര്‍ണമായി തിരസ്‌കരിച്ചുകൊണ്ടുള്ള ഐക്യപ്പെടല്‍ ഇക്കാലത്ത് അസംഭവ്യമാണ്. എന്നാല്‍ ആദര്‍ശപരവും സാമൂഹികവുമായ വിഷയങ്ങളെ സംഘടനയുക്തി ഉപയോഗിച്ച് അപഗ്രഥിക്കുന്നതിനെയും നിലപാട് സ്വീകരിക്കുന്നതിനെയും ഇല്ലാതാക്കുവാന്‍ സാധിക്കും.
കേരള മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് ഏതാനും പേരുടെ തിരോധനം വാര്‍ത്തയായ സമയത്ത് ശുദ്ധിവാദത്തില്‍ ഉടഞ്ഞുപോകുന്ന കേരളീയ മുസ്‌ലിം നവോത്ഥാനത്തെ കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. പ്രസ്തുത ലേഖനം അവസാനിപ്പിച്ചത് ഇങ്ങനെയാണ്; “മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പ്രചോദനമേകുന്ന ആശയസ്രോതസ്സിനെ അവലംബമാക്കി കൊണ്ട് തന്നെ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്തി, സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളോടെ മുന്നോട്ട് പോകാന്‍ സാധിക്കും. ആ സാധ്യതയെ ഏതറ്റം വരെ ഉപയോഗപ്പെടുത്താന്‍ സമുദായ നേതൃത്വങ്ങള്‍ തയ്യാറാകുന്നു എന്നിടത്താണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ഭാവി.”
കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് ശക്തിപകരാനും പുതിയ സാധ്യതകളെ കണ്ടെത്താനുമുള്ള തുടക്കമാവട്ടെ മുജാഹിദ് ഐക്യം എന്ന് പ്രത്യാശിച്ചുകൊണ്ട് ചില കാര്യങ്ങള്‍ കുറിക്കുന്നു. പതിനാല് വര്‍ഷം മുന്‍പ് അഭിപ്രായഭിന്നതയെ തുടര്‍ന്ന് മുജാഹിദ് സെന്ററും മര്‍കസുദ്ദഅ്‌വയും ആസ്ഥാനമാക്കി രണ്ട് സംഘടനകളായി പ്രവര്‍ത്തിച്ചുവരികയായിരുന്ന വിഭാഗങ്ങളാണ് ഇപ്പോള്‍ ഐക്യത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നത്.
മത സംഘടനകളുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സവിശേഷതയാണ് സംഘടനപരമായ ലയനം എന്നത്. കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിവിധ രൂപത്തില്‍ പിളര്‍പ്പുകളും അതുവഴി സംഘടനകളും രൂപം കൊണ്ടിട്ടുണ്ട്. എന്നാല്‍, കേരള മുസ്‌ലിംകളെ ആധുനികതയിലേക്ക് നയിക്കുന്നതില്‍ അനല്‍പമായ പങ്ക് വഹിച്ച ഐക്യസംഘത്തിന്റെ പിന്മുറക്കാരായ മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പ് പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചക്ക് കാരണമായി.
വിവിധ മതങ്ങള്‍ സഹവര്‍ത്തിത്തോടെ ജീവിക്കാന്‍ പറ്റിയ ഇടമല്ലെന്ന് ചിന്തിക്കുന്ന വിഭാഗങ്ങളുടെ ധ്രൂവീകരണ പ്രവര്‍ത്തനങ്ങള്‍ പിളര്‍പ്പിന്റെ വിടവിലൂടെ ഉടലെടുക്കുകയും സാമൂഹിക രംഗങ്ങളിലെ ശുദ്ധിവാദം പ്രയോഗതലത്തിലേക്ക് നീങ്ങുകയും ചെയ്തപ്പോള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പ് വീണ്ടും പൊതുസമൂഹത്തിന്റെ ചര്‍ച്ചയിലേക്ക് വന്നു.
സലഫിസം, കേരളത്തില്‍ നിന്നുള്ള പാലായനം, ഐ.എസ് ബന്ധങ്ങളുടെ പേരിലുള്ള അറസ്റ്റുകള്‍, അമുസ്‌ലിംകളോട് ചിരിക്കുന്നത് പോലും സൂക്ഷിക്കണമെന്ന ശംസുദ്ധീന്‍ പാലത്തിന്റെ പ്രസംഗം, സാകിര്‍ നായികും ഐ.ആര്‍.എഫ് നിരോധനവും, പീസ് സ്‌കൂള്‍ സിലബസ് തുടങ്ങിയ നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ മാസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. മിക്ക വാര്‍ത്തകളിലും മുജാഹിദ് പ്രസ്ഥാനം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടതിന്റെ പ്രധാനവും പ്രഥമവുമായ കാരണം 2002 ലെ പ്രസ്ഥാനത്തിന്റെ പിളര്‍പ്പായിരുന്നു.
അത് തിരുത്താനാണിപ്പോള്‍ രണ്ടുവിഭാഗങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഈ തിരുത്തല്‍ സാമൂഹിക നവോത്ഥാനത്തിന് കൂടുതല്‍ വെളിച്ചം നല്‍കുന്ന ഒന്നായി മാറേണ്ടതുണ്ട്. മതത്തിന്റെ സൗകുമാര്യതകളെല്ലാം നഷ്ടപ്പെട്ട വിരസമായ അക്ഷരവായനകള്‍ പിടിമുറുക്കുന്നതിനോടുള്ള വിയോജിപ്പായിരുന്നു പിളര്‍പ്പില്‍ കലാശിച്ചത്.
പുനരൈക്യം സാധ്യമാകുമ്പോള്‍ കൂടുതല്‍ ജൈവികതയുള്ള ഒരു പ്രസ്ഥാനമായി മാറുകയാണ് വേണ്ടത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗവും ചില വ്യക്തികേന്ദ്രീകൃത സംഘങ്ങളും ഇപ്പോഴും പുറത്ത് തന്നെയാണ്. സമ്പൂര്‍ണമായൊരു ഐക്യം ഇനിയും സാധ്യമായിട്ടില്ല എന്നത് ഐക്യത്തിന്റെ ആദര്‍ശവും ആന്തരികവുമായ തലത്തില്‍ നിന്നുള്ള ആലോചനകള്‍ക്ക് കാരണമാകേണ്ടതുണ്ട്.
മുജാഹിദ് ഐക്യവും മറ്റ് മുസ്‌ലിം സംഘടനകളും
കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യം കേന്ദ്രീകരിച്ചുള്ള ഏത് ചര്‍ച്ചകള്‍ക്കും ക്രിയാത്മകമായ പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. മുജാഹിദ് ഐക്യത്തെയും മറ്റു സംഘടനകള്‍ സ്വാഗതം ചെയ്യുന്നുണ്ട്. മുസ്‌ലിം ലീഗിനെ സംബന്ധിച്ചേടത്തോളം അതിന്റെ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത ഏടുകള്‍ തുന്നിച്ചേര്‍ത്ത ഒരു പ്രസ്ഥാനമെന്ന നിലയില്‍ മുജാഹിദ് ഐക്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പിളര്‍പ്പിനെ തുടര്‍ന്ന് വിവിധ കാലങ്ങളില്‍ മുസ്‌ലിം ലീഗ് ഐക്യ ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
അടുത്തപേജില്‍ തുടരുന്നു
ഇപ്പോള്‍ യാഥാര്‍ഥ്യമായ ഐക്യചര്‍ച്ചക്ക് സംഘടനാപരമായി ബാഹ്യപ്രേരണകളൊന്നുമില്ലെന്നാണ് ഇരുവിഭാഗം നേതൃത്വവും സമ്മതിക്കുന്നത്. എന്നാല്‍, കേരളത്തിലെ സവിശേഷമായ സംഘടനാ സാഹചര്യങ്ങള്‍ ഐക്യാനന്തരമുള്ള മുജാഹിദ് സംഘടനക്ക് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്.
പ്രത്യേകിച്ചും പതിനാല് വര്‍ഷം പരസ്പരം നടത്തിയ ആരോപണ പ്രത്യാരോപണങ്ങള്‍ മലയാളി മുസ്‌ലിം മനസ്സുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ കാലത്ത് അവയൊക്കെ വീണ്ടും വീണ്ടും പോസ്റ്റുകളായി വരുന്നത് സ്വാഭാവികവുമാണ്. പരസ്പരം നടത്തിയ ആരോപണങ്ങളുടെ ഓര്‍മപ്പെടുത്തലുകളെ കൃത്യമായി ദിശതിരിച്ചുവിടാനുള്ള പക്വതയും നയരൂപീകരണവും ഉണ്ടായില്ലെങ്കില്‍, വിമര്‍ശനങ്ങള്‍ അജണ്ടകള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷം സാര്‍വത്രികമാകും. അത് പുതിയ ആലോചനകള്‍ നടത്തുന്നതിനോ അജണ്ടകള്‍ നിര്‍മിക്കുന്നതിനോ സഹായിക്കുകയില്ലെന്ന് മാത്രമല്ല, പ്രതിരോധത്തിന് മാത്രമായി ഊര്‍ജം മുഴുവന്‍ ചെലവഴിക്കേണ്ടിയും വരും.
ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടാതെ മുന്നോട്ട് പോകേണ്ടതിന്റെ പ്രഥമമായ ഉത്തരവാദിത്തം മുജാഹിദ് പ്രസ്ഥാനത്തിന് തന്നെയാണ്. അക്ഷരവായനയില്‍ അഭിരമിക്കാതെയുള്ള, ദാര്‍ശനികമായ ഔന്നത്യം പുലര്‍ത്തുന്ന നിലപാടുകളാണ് തുടര്‍ന്ന് സ്വീകരിക്കുന്നതെങ്കില്‍ പ്രസ്തുത ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കും. കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം പ്രസ്ഥാനമായ സുന്നി വിഭാഗങ്ങളുടെ ഐക്യവും ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ടതാണ്. ആദര്‍ശപരമായ വലിയ വൈജാത്യങ്ങളൊന്നുമില്ലാത്ത സുന്നി വിഭാഗങ്ങളുടെ ഐക്യം കേരള മുസ്‌ലിംകള്‍ക്ക് പുതിയൊരു പ്രഭാവം നല്‍കുമെന്നത് തീര്‍ച്ചയാണ്.
സ്ഥാനം തെറ്റുന്ന സംഘടനാസ്വത്വം
കേരള മുസ്‌ലിംകളുടെ ഐക്യത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത്, അവരുടെ തന്നെ അഭിമാനകരമായ അസ്ത്വത്തിന് നിര്‍ണായക പങ്ക് വഹിച്ച സംഘടനാ സംവിധാനങ്ങള്‍ തന്നെയാണ്. സംഘടന എന്ന സംവിധാനത്തെ പൂര്‍ണമായി തിരസ്‌കരിച്ചുകൊണ്ടുള്ള ഐക്യപ്പെടല്‍ ഇക്കാലത്ത് അസംഭവ്യമാണ്. എന്നാല്‍ ആദര്‍ശപരവും സാമൂഹികവുമായ വിഷയങ്ങളെ സംഘടനയുക്തി ഉപയോഗിച്ച് അപഗ്രഥിക്കുന്നതിനെയും നിലപാട് സ്വീകരിക്കുന്നതിനെയും ഇല്ലാതാക്കുവാന്‍ സാധിക്കും.
സംഘടന എന്നത് ആധുനികവും മതേതരവുമായ ഒരു നിലപാടാണ്. ഇസ്‌ലാമിക പാരമ്പര്യത്തിലെ ഉമ്മത്ത്, ജമാഅത്ത് എന്നീ രണ്ട് സംജ്ഞകളെ ആധുനികമായി വിഭാവന ചെയ്തുകൊണ്ടാണ് സംഘടന എന്ന സംവിധാനം നിലനില്‍ക്കുന്നത്. ഈ രണ്ടു സംജ്ഞകളുടെയും പാരമ്പര്യാത്മകവും മൗലികവുമായ ഇമാജിനേഷന്‍ ഇസ്‌ലാമിക സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്.
കേരള മുസ്‌ലിംകളുടെ ആദ്യ പണ്ഡിത സംഘടനയാണ് കേരള ജംഇയ്യത്തുല്‍ ഉലമ. അതിന്റെ രൂപീകരണ വേളയില്‍ സംഘടന രൂപീകരിക്കാനുള്ള ഇസ്‌ലാമികമായ സാധുതയെക്കുറിച്ച് ചര്‍ച്ചയുണ്ടായിരുന്നു. ഖുര്‍ആനിലെ, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു ഉമ്മത്ത് (സംഘം) നിങ്ങളില്‍ നിന്ന് ഉണ്ടാകട്ടെ എന്ന വചനമാണ് മറുപടിയായി അന്നത്തെ ഉത് പതിഷ്ണു പണ്ഡിതര്‍ ഉദ്ധരിച്ചത്. പിന്നീട്, ആധുനികമായ ചട്ടക്കൂടില്‍ ഇസ്‌ലാമിക ബോധ്യങ്ങള്‍ക്ക് വിരുദ്ധമാകാത്ത രൂപത്തില്‍ സംഘടനകള്‍ രൂപീകരിക്കപ്പെട്ടു.
സംഘടനകളുടെ രൂപീകരണം സാമൂഹ്യശാസ്ത്രത്തിലെ പ്രധാന വിഷയമാണ്. സംഘടനകളുടെ ആശയപരമായ ദൗത്യത്തേക്കാള്‍ നിര്‍വഹണപരവും ഘടനാപരവുമായ ഭാവനകളാണ് അതിനെ മുന്നോട്ട് നയിക്കുന്നത്. ഒരു സംഘടനയുടെ സജീവത വികസിക്കുന്നത് അതിന്റെ വൈകാരിക തലത്തിലാണ്. കേരള മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളും ഈ സംഘടനകള്‍ പുതിയ സ്വത്വരൂപീകരണത്തിന് വഴിവെച്ചുവെന്നതാണ് യാഥാര്‍ഥ്യം.
ആധുനികമായ ഒരു ഘടനക്കുള്ളില്‍ ഒതുങ്ങാത്ത സവിശേഷപരമായ വികാസമുള്ള ഇസ്‌ലാമികാദര്‍ശത്തെ സംഘടനക്കുള്ളില്‍ തളക്കാനുള്ള വ്യഗ്രതകളാണ് പ്രതിലോമകരമായ സ്വത്വരൂപീകരണത്തിലേക്ക് വഴികാണിച്ചത്. വൈകാരിക ചിന്തകളിലൂടെ എത്തിച്ചേരുന്ന തീര്‍പ്പുകളെ വിചാരതലത്തില്‍ അടയാളപ്പെടുത്തുന്നുവെന്നതാണ് ഈ സംഘടനാ സ്വത്വങ്ങളുടെ രൂപീകരണം കാണിക്കുന്നത്.
മുസ്‌ലിം സംഘടനകള്‍ ജാതി പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ചിലര്‍ അതിശയോക്തി കലര്‍ത്തി പറയാറുണ്ട്. ജാതിയുടെ ഘടനാപരമായ നിര്‍വഹണത്തെക്കുറിച്ചുള്ള അജ്ഞതയാണത്. സംഘടനാ സ്വത്വം എന്നുപയോഗിക്കുന്നതിലും ശരികേടുണ്ട്. മുസ്‌ലിം സ്വത്വം പോലുള്ള ആഴമേറിയതും സങ്കീര്‍ണവുമായ ഒരു പ്രയോഗമല്ല അത്, മറിച്ച് സംഘടന എന്ന ആധുനികമായ വ്യവഹാരത്തിനുള്ളില്‍ ഒതുങ്ങാത്ത സവിശേഷ ജ്ഞാനങ്ങളെ ഘടനാപരമായ മൗലികതയിലേക്ക് ചുരുക്കുന്നതിനെയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.
അടുത്തപേജില്‍ തുടരുന്നു
പ്രദേശിക സംഘങ്ങളില്‍ നിന്നും വ്യവസ്ഥാപിതമായ സംഘടനകള്‍ എന്ന സ്വഭാവത്തിലേക്ക് കേരള മുസ്‌ലിംകള്‍ കടന്നുവരുന്നത് തൊണ്ണൂറുകളുടെ ആദ്യത്തിലാണ്. അതിന് നേതൃത്വം കൊടുത്തത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യരൂപമായി ഗണിക്കപ്പെടുന്ന കേരള മുസ്‌ലിം ഐക്യ സംഘവുമാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യവും ആധുനികതയോടുള്ള നൈതികമായ അഭിമൂഖീകരണവും സാധ്യമാക്കാനുള്ള ശ്രമമായിരുന്നു 1921 ല്‍ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ട മുസ്‌ലിം ഐക്യ സംഘം.
പിന്നീട് കേരളത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ രൂപം കൊണ്ടു. അതേ ഐക്യസംഘത്തിന്റെ പിന്മുറക്കാര്‍ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍, സമാനതകളില്ലാത്ത മറ്റൊരു ഐക്യമാണ് ഇപ്പോള്‍ പ്രയോഗികമാക്കിയിരിക്കുന്നത്. സംഘടന എന്ന വിഭാവനയും കേരളത്തിന്റെ ആധുനിക പരിസരവും മലയാളി മുസ്‌ലിം സ്വത്വത്തെ അടയാളപ്പെടുത്തുന്നതില്‍ സംഘടനകള്‍ വഹിച്ച ദൗത്യവും ഈ അവസരത്തില്‍ ഏറെ ആലോചനക്ക് വിഷയമാകേണ്ട ഒന്നാണ്.
സംഘടന ഒരു വിശുദ്ധ പശുവല്ല എന്ന തിരിച്ചറിവിലേക്കും സംഘടനായുക്തിയുടെ അപാകതകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ ഈ ഐക്യം മുജാഹിദുകളെ എങ്കിലും പ്രേരിപ്പിക്കേണ്ടതുണ്ട്. സംഘടന എന്നതൊരു മാര്‍ഗം മാത്രമാണെന്നും അത് ലക്ഷ്യമാകുന്നിടത്ത് പ്രസ്തുത മാര്‍ഗം തന്നെ പിഴച്ചുപോകുമെന്നും ഈ ഐക്യം ഓര്‍മിപ്പിക്കുന്നു.
യൂറോപ്പിലെ ജ്ഞാനോദയത്തിന് ആശയസ്രോതസ്സായി വര്‍ത്തിച്ച, ആധുനികതയുടെ ബോധ്യങ്ങളെ വെല്ലുവിളിക്കുന്ന ഒരു വൈജ്ഞാനിക പാരമ്പര്യത്തിനെ വീണ്ടും ഘടനാപരമായ വ്യവഹാരങ്ങളില്‍ കെട്ടിയിടുന്നത് നീതികരിക്കാനാവുന്നതല്ല എന്ന സന്ദേശവും ഒരു പരിധി വരെ ഈ ഐക്യം നല്‍കുന്നുണ്ട്. പരിമിതികളോടെയാണെങ്കിലും, സംഘടനയും സംഘടനാസ്വത്വവും സ്ഥാനഭ്രഷ്ടമാക്കപ്പെടുന്നത് ഈ ഐക്യം നല്‍കുന്ന പ്രതീക്ഷകളിലൊന്നാണ്.
പ്രബോധനവും പരിഷ്‌കരണവും
കേരളത്തിലെ മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ ഇസ്‌ലാഹ് അഥവാ പരിഷ്‌കരണം എന്ന സംജ്ഞയിലൂടെയാണ് മനസ്സിലാക്കേണ്ടത്. പരിഷ്‌കരണത്തിലേക്കുള്ള പല മാര്‍ഗങ്ങളിലൊന്നാണ് മതപ്രബോധനം അഥവാ ദഅവത്ത്. മതപ്രബോധനം ലക്ഷ്യമായി മാറുന്നത് നേരത്തെ പറഞ്ഞ സംഘടനാസ്വത്വത്തിന്റെ രൂപീകരണത്തിന് കാരണമായിട്ടുണ്ട്. പ്രഭാഷണ മാഫിയകളും അലക്ഷ്യമായ പ്രസംഗ പരമ്പരകളും എതിരാളികളെ കീറിമുറിക്കുന്ന ഭാഷയിലുള്ള പ്രബോധന ശൈലികളുമെല്ലാം രൂപപെട്ടത് പ്രബോധനം എന്നത് ലക്ഷ്യമായി മാറിയതുകൊണ്ടാണ്.
അതുപോലെ, സലഫി രീതിശാസ്ത്രത്തെ (മന്‍ഹജുസ്സലഫ്) യഥാവിധി സ്ഥാനപ്പെടുത്തുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന് പറ്റിയ പിഴവുകളാണ് അതിന്റെ പിളര്‍പ്പിലേക്ക് നയിച്ചത്. ഈജിപ്ഷ്യന്‍ നവോത്ഥാന നായകരിലൊരാളായ സയ്യിദ് റശീദ് രിദയുടെ സംഭാവനകളെക്കുറിച്ചുള്ള സംസാരത്തിനിടയില്‍, തുനീഷ്യയിലെ സമാലിക ചിന്തകനായ റാശിദൂല്‍ ഗനൂശി സലഫി രീതിശാസ്ത്രത്തെ സ്ഥാനപ്പെടുത്തുന്നത്; അത് പരിഷ്‌കരണത്തിന്റെ (ഇസ്‌ലാഹിന്റെ) നിബന്ധനകളിലൊന്ന് എന്ന നിലയിലാണ്.
1951 ല്‍ പുറത്തിറങ്ങിയ ജെ.എം കൊവാന്റെ പ്രസിദ്ധമായ അറബി ഇംഗ്ലീഷ് നിഘണ്ടുവില്‍ സലഫിയ്യ എന്നതിന് നല്‍കിയിരിക്കുന്ന അര്‍ഥം An Islamic Reform Movement in Egypt, Founded by Mohammed Abduh എന്നാണ്. സലഫി രീതിശാസ്ത്രത്തെ പരിഷ്‌കരണത്തിനുള്ള ഒരു മാര്‍ഗമെന്ന നിലയിലായിരുന്നു മുഹമ്മദ് അബ്ദു അടക്കമുള്ളവര്‍ മനസ്സിലാക്കിയിരുന്നത്. എല്ലാ മുസ്‌ലിം സംഘടനകളുടെയും ലക്ഷ്യമായി മാറേണ്ടത് ഇസ്‌ലാഹാണ്. അതിന് വേണ്ടി വ്യത്യസ്ത സംഘടനകള്‍ ഇസ്‌ലാമിനുള്ളിലെ വിവിധ രീതിശാസ്ത്രങ്ങളെ (മെത്തഡോളജി) അവലംബിക്കുകയും ചെയ്യുന്നു. എന്നാല്‍ മതപ്രബോധനം ലക്ഷ്യമായി മാറിയത് പോലെ പ്രസ്തുത രീതിശാസ്ത്രങ്ങള്‍ ലക്ഷ്യമായി മാറുന്നിടത്താണ് പ്രശ്‌നം.
അടുത്തപേജില്‍ തുടരുന്നു
സാമൂഹികവും സാമുദായപരവുമായ നവോത്ഥാന അജണ്ടകള്‍ രൂപീകരിക്കുന്നതിലും ഏറ്റെടുക്കുന്നതിലും പരിഷ്‌കരണത്തിന്റെ രീതിശാസ്ത്രത്തെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഐക്യാനന്തര മുജാഹിദ് പ്രസ്ഥാനത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. മുജാഹിദ് പ്രസ്ഥാനവും “”ഗള്‍ഫ് സലഫിസവും”” തമ്മിലുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കുന്ന പഠനം 2002 ലെ പിളര്‍പ്പിന്റെ കാലത്ത് പുറത്തിറങ്ങിയിരുന്നു. അതിലുന്നയിക്കുന്ന പ്രശ്‌നങ്ങളെല്ലാം അക്ഷരംപ്രതി പുലരുന്നതായാണ് പിന്നീട് കണ്ടത്. ആ വ്യത്യാസങ്ങളാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ വ്യതിരിക്തത. സാമൂഹികവും സാംസ്‌കാരികവുമായ ശുദ്ധിവാദത്തിലൂന്നിയുള്ള പ്രവര്‍ത്തന ശൈലി മുസ്‌ലിം നവോത്ഥാന മുന്നേറ്റത്തെ ഉലച്ചുകളയുമെന്നതിന് ചരിത്രം സാക്ഷിയാണ്.
നവോത്ഥാനവും നൈതികബോധ്യങ്ങളും
മുസ്‌ലിം ഐക്യസംഘവും അതിന് മുമ്പേയുള്ള പ്രദേശിക സംഘങ്ങളും അതിന് ശേഷമുള്ള അസംഖ്യം സംഘടനകളും രൂപീകരിക്കപ്പെടുന്ന കാലത്തെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ സ്ഥിതിവിശേഷമല്ല ഇന്നത്തെ മലയാളി മുസ്‌ലിംകളുടേത്. ലോകവും കാലവും സമുദായവും ഏറെ മാറിയിട്ടുണ്ട്. ഇനി മുന്നോട്ടുള്ള പോക്കില്‍, നവോത്ഥാനത്തിന്റെ ടൂളുകള്‍ വരെ മാറേണ്ടതുണ്ട് എന്നതില്‍ സംശയമില്ല.
ഒരു കാലത്ത് വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു എല്ലാ നവോത്ഥാന സംഘടനകളുടെയും പൊതു അജണ്ട. വിവിധ സമുദായങ്ങള്‍ക്കിടയില്‍ നടന്ന നവോത്ഥാന പ്രക്രിയകള്‍ പരിശോധിച്ചാല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പൊതു ഘടകമായിരുന്നുവെന്ന് തിരിച്ചറിയാന്‍ സാധിക്കും. പത്രപ്രസിദ്ധീകരണങ്ങള്‍, സ്ഥാപനങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, പൊതുമണ്ഡല രൂപീകരണം, സ്ത്രീശാക്തീകരണം തുടങ്ങിയവയും നവോത്ഥാനത്തിന്റെ ടൂളുകളായി വര്‍ത്തിച്ചിരുന്നു.
പുതിയതെന്ന് തോന്നിപ്പിക്കുന്ന പഴയ ഫോര്‍മാറ്റിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനം കാലഹരണപ്പെട്ട ഒരു സാമഗ്രി മാത്രമാണ്. ആധുനികതയോടുള്ള നിലപാടാണ് ഏറ്റവും പ്രധാനമായി പ്രശ്‌നവത്കരിച്ചിരുന്നത്. ആധുനികതയുടെ വിവിധ രൂപങ്ങളോട് പാരന്പര്യ/നൈതിക/മൗലിക സമീപനങ്ങളാണ് കേരള മുസ്‌ലിംകള്‍ സ്വീകരിച്ചത്. മുസ്‌ലിം ഐക്യ സംഘവും പോഷക ഘടകങ്ങളും ആധുനികതയോട് നൈതികമായാണ് പ്രതികരിച്ചത്. പ്രസ്തുത നൈതിക ബോധ്യങ്ങളാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുമണ്ധല രൂപീകരണത്തിനും രാസത്വരകമായി വര്‍ത്തിച്ചത്.
പുതിയ കാലത്ത് ആധുനികതയും അതിന്റെ രൂപകങ്ങളും വിമര്‍ശനാത്മകമായും വ്യവഹാരികമായും അപഗ്രഥിക്കുവാനുള്ള സാധ്യതകള്‍ ഏറി വന്നിട്ടുണ്ട്. ഉത്തരാധുനികതയും ഘടനാനന്തരവാദവും മതേതരോത്തരവാദവും കേരളത്തിന്റെ സംവാദ മണ്ഡലത്തെ ഏറെ സജീവമാക്കിയിട്ടുണ്ട്.
ആധുനികതയുടെ ഉല്‍പന്നങ്ങളെ കൂറെകൂടി വികാസക്ഷമതയുള്ളതാക്കി മാറ്റാനും മാറ്റിപ്പണിയാനും ഈ സംവാദങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍, പുതിയ സംവാദങ്ങളെയും വ്യവഹാരങ്ങളെയും നൈതികമായ അടിത്തറയില്‍ നിന്നുകൊണ്ട് എത്രത്തോളം അഭിമുഖീകരിക്കാനും വികസിപ്പിക്കാനും സാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മുജാഹിദ് ഐക്യത്തിന്റെ ഭാവി.
“മുസ്‌ലിംകളുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പ്രചോദനമേകുന്ന ആശയസ്രോതസ്സിനെ അവലംബമാക്കി”യുള്ള നൈതികമായ നിലപാടുകളാണ് കേരള മുസ്‌ലിംകളെ ആധുനികതയെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കിയത്. ഇതിന് തുടര്‍ച്ചയുണ്ടാക്കാനുള്ള സ്രോതസ്സും മാര്‍ഗവും മുസ്‌ലിംകള്‍ക്ക് കൈമുതലായുണ്ട്. അവയെ പ്രയോഗതലത്തില്‍ കൊണ്ടുവരാനുള്ള സന്നദ്ധതയാണ് ഐക്യാനന്തര മുജാഹിദ് പ്രസ്ഥാനത്തിന് മുന്നോട്ടുള്ള ദിശ സന്നിഹിതമാക്കുന്നത്.
പ്രസ്തുത ദിശയെ സമ്പന്നമാക്കുന്നത് പരിസ്ഥിതി, ലിംഗനീതി, ആരോഗ്യം, കുടുംബ സംവിധാനം, സ്വത്വരാഷ്ട്രീയം, ദളിത് ബഹുജന രാഷ്ട്രീയം, ബഹുസ്വരത തുടങ്ങിയ മേഖലകളോട്, പുതിയ സംവാദങ്ങളും വ്യവഹാരങ്ങളും അടിസ്ഥാനമാക്കിയുള്ള ക്രിതാത്മകമായ ഇടപെടലുകളാണ്. പുതിയ വിഷയങ്ങളിലുള്ള മതപരമായ ഗവേഷണങ്ങള്‍, ഇസ്‌ലാമിന്റെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ വികാസക്ഷമതയെ ഉപയോഗപ്പെടുത്തല്‍, അക്കാദമിക രംഗത്തെ പുതിയ ചര്‍ച്ചകളെ സ്ഥാനപ്പെടുത്താനുള്ള സാംസ്‌കാരിക മൂലധനം തുടങ്ങിയവ നൈതികബോധ്യങ്ങളുടെ പൂര്‍വകാല നിലപാടുള്ള ഒരു പ്രസ്ഥാനത്തിന് മുന്നോട്ടുള്ള ഊര്‍ജം പകരുന്ന മേഖലകളാണ്.
കെട്ടിക്കിടക്കുന്നതോ ശുദ്ധിവാദപരമോ അല്ലാത്ത, തലാല്‍ അസദ് പരിചയപ്പെടുത്തുന്ന, വ്യാവഹാരിക പാരമ്പര്യത്തിന്റെ പ്രതലത്തില്‍ നിന്നുകൊണ്ട് പുതിയ കാലത്തെ അഭിമുഖീകരിക്കാനുള്ള ബൗദ്ധിക കരുത്തും ആത്മനിഷ്ഠമല്ലാത്ത യുക്തിവിചാരവും വിശ്വാസം കൊണ്ട് ഭദ്രമാക്കപ്പെട്ട ധൈഷണികതലവുമാണ് മുന്നോട്ടുള്ള പോക്കില്‍ ഇന്ധനമായി വര്‍ത്തിക്കേണ്ടത്.
കേവലം രാഷ്ട്രീയ വെല്ലുവിളികളെ ഉപജീവിച്ചുള്ള നിലപാടുകള്‍ക്ക് പകരം സ്വീകരിക്കേണ്ടത് ഇത്തരമൊരു നിലപാടുതറയാണ്. അങ്ങനെയാവുമ്പോള്‍, ഏകസിവില്‍ കോഡ്, ഫാസിസ്റ്റു ഭീഷണി തുടങ്ങിയ സമകാലിക പ്രശ്‌നങ്ങളെ തടഞ്ഞുനിര്‍ത്താനും കേരള മുസ്‌ലിംകളുടെ സുരക്ഷിതത്വബോധത്തിനും രാഷ്ട്രീയ ജാഗ്രതക്കും സ്വാഭാവികമായി തന്നെ സഹായകരമാവാനും അത് ഇടയാക്കും എന്നത് തീര്‍ച്ചയാണ്.
ഹൈദരാബാദ് ഇഫഌവില്‍ ഗവേഷകനാണ് ലേഖകന്‍