ഹിന്ദു ദൈവത്തിന്റെ പേര് വിളിച്ച് പ്രാര്‍ത്ഥിക്കണമെന്ന ആവശ്യം നിരാകരിച്ചു; പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ ഇമാമിന് നേരെ ആക്രമണം
national news
ഹിന്ദു ദൈവത്തിന്റെ പേര് വിളിച്ച് പ്രാര്‍ത്ഥിക്കണമെന്ന ആവശ്യം നിരാകരിച്ചു; പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ ഇമാമിന് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th June 2018, 10:17 am

റാഞ്ചി: പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മുസ്‌ലീം പുരോഹിതന് നേരെ അജ്ഞാതരുടെ ആക്രമണം. റാഞ്ചിയിലെ നാഗ്‌രി ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 50 കാരനായ അസറുല്‍ ഇസ്‌ലാം എന്ന പുരോഹിതന് നേരെയായിരുന്നു ആക്രമണം.

മൂന്നിലേറെപേര്‍ ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടതെന്നും അവരുടെ കയ്യില്‍ ഇരുമ്പ് ദണ്ഡും വടികളും ഉണ്ടായിരുന്നെന്നും ഇമാമിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇമ്രാന്‍ പറയുന്നു.


Also Read “നൈസ് ടു മീറ്റ് യു മിസ്റ്റര്‍ പ്രസിഡണ്ട്”; കൂടിക്കാഴ്ചയ്ക്കു മുന്‍പ് ട്രംപ്- ഉന്‍ സൗഹൃദസംഭാഷണം


” ഞങ്ങള്‍ മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവം. ദലാദലി ചൗക്കില്‍ വെച്ച് ചിലയാളുകള്‍ ഞങ്ങളുടെ വാഹനം തടഞ്ഞു. ഏതെങ്കിലും ഹിന്ദുദൈവത്തിന്റെ പേര് ഉച്ചത്തില്‍ വിളിക്കണമെന്ന് അവര്‍ ഇമാമിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അത് വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം.

ഹിന്ദുക്കളുടെ പ്രാര്‍ത്ഥന ചൊല്ലണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ അതിന് തനിക്ക് കഴിയില്ലെന്ന് ഇമാം പറഞ്ഞു. ഇതോടെ വാക്കു തര്‍ക്കമായി. ഇതിന് പിന്നാലെ അവര്‍ ക്രൂരമായി അദ്ദേഹത്തെ മര്‍ദ്ദിച്ചു”- ഇമ്രാന്‍ പറയുന്നു.

ഗുരുതരമായി പരിക്കേറ്റ പുരോഹിതനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് നാഗ്‌രിയിലെ ഓഫീസ് ഇന്‍ ചാര്‍ജ് രാം നാരായണ്‍ സിങ് പറഞ്ഞു.

പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും ഡി.എസ്.പി വിജയ് കുമാര്‍ സിങ് പറഞ്ഞു.