ഫാര്‍മ സിറ്റിക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കണം; രേവന്ത് റെഡ്ഡിയോട് കെ.ടി രാമറാവു
national news
ഫാര്‍മ സിറ്റിക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കണം; രേവന്ത് റെഡ്ഡിയോട് കെ.ടി രാമറാവു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th September 2024, 5:05 pm

ഹൈദരാബാദ്: തെലങ്കാനയില്‍ ഫാര്‍മ സിറ്റി സ്ഥാപിക്കാനായി ഏറ്റെടുത്ത യാചരം മണ്ഡലത്തിലെ ഭൂമി പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കണമെന്ന് ബി.ആര്‍.എസ് മുന്‍ വ്യവസായ മന്ത്രി കെ.ടി രാമറാവു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അയച്ച കത്തിലാണ് രാമറാവു ഈ കാര്യം ആവശ്യപ്പട്ടിരിക്കുന്നത്.

രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ബി.ആര്‍.എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫാര്‍മ സിറ്റി പ്ലാന്‍ നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരുന്നു.

അതിന് പകരമായി സംസ്ഥാനത്തുടനീളം പത്ത് ഫാര്‍മ വില്ലേജുകള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. കൂടാതെ ചേര്‍ളയില്‍ ഗ്രീന്‍ ഫാര്‍മ സിറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയും യാചാരം മണ്ഡലത്തില്‍ ഫാര്‍മ സിറ്റി സ്ഥാപിക്കുന്നുണ്ടോ എന്ന് റവന്യൂ സെക്രട്ടറിയോട് ആരാഞ്ഞിരുന്നു. ഈ കാര്യവും രാമറാവുവിന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘ഫാര്‍മ സിറ്റിക്കായി ഏറ്റെടുത്ത ഭൂമി മറ്റ് വ്യവസായ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ ഫാര്‍മ സിറ്റി പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വ്യക്തമായ തീരുമാനം അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഫാര്‍മ സിറ്റിയിലെ പദ്ധതികള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഈ ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്നാല്‍ തെലങ്കാനയെ ലൈഫ് സയന്‍സിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പക്ഷെ നിങ്ങളുടെ സര്‍ക്കാരിന്റെ വിവേചനപരമായ നയമാറ്റം തെലങ്കാനയുടെ പുരോഗതിക്കും പ്രശസ്തിക്കും ദോഷം ചെയ്യും,’രാമറാവു കത്തില്‍ എഴുതി.

ഗവേഷണത്തിലും മരുന്നുകളുടെ നിര്‍മ്മാണത്തിനും ശ്രദ്ധ കൊടുക്കുന്ന, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ലസ്റ്ററായി ബി.ആര്‍.എസ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഹൈദരാബാദ് ഫാര്‍മ സിറ്റി. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് സോണ്‍ ആയി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഈ പദ്ധതി ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയായാണ് പദ്ധതിയിട്ടിരുന്നത്.

9.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കുക, 5.6 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നിവയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രദേശത്തെ കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി പദ്ധതിക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നീട് യാച്ചാരം മേടിപ്പള്ളി വില്ലേജിലെ കര്‍ഷകര്‍ റവന്യൂ അധികാരികള്‍ക്കെതിരെ കോടതിയേയും സമീപിച്ചിരുന്നു.

എന്നാല്‍ നിയമപരമായ പ്രശ്നങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍, കര്‍ഷക പ്രതിഷേധം എന്നിവ കണക്കിലെടുത്താണ് പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അറിയിച്ചത്.

Content Highlight: Return the unused land of pharma city to farmers says KTR to CM Revanth Redyy