സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് റെട്രോ. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകരില്‍ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു.
സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോക്ക് വന്‍ വരവേല്പാണ് ലഭിച്ചത്. ഇതുവരെ കാണാത്ത രീതിയില്‍ മാസ് ആയിട്ടാണ് വീഡിയോയില്‍ സൂര്യ പ്രത്യക്ഷപ്പെട്ടത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റും കൈയില്‍ തോക്കുമായി സീനിലെത്തിയ സൂര്യയുടെ ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തു.
എന്നാല്‍ ഈ രംഗം സിനിമയിലില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ട സ്‌പെഷ്യല്‍ വീഡിയോയായിരുന്നെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റെട്രോയുടെ ബിഹൈന്‍ഡ് ദി സീന്‍ അനുഭവങ്ങള്‍ കോമിക് രൂപത്തില്‍ പുറത്തിറക്കിയ പോസ്റ്റിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ സൂര്യക്ക് ഒരു സര്‍പ്രൈസ് വീഡിയോ ഒരുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. എന്നാല്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ സൂര്യക്ക് അറിയാമെന്നും ആ വീഡിയോ എന്ത് പറഞ്ഞ് ഷൂട്ട് ചെയ്യുമെന്ന് അറിയാതെ അണിയറപ്രവര്‍ത്തകര്‍ നില്‍ക്കുകയായിരുന്നു. വരുന്നത് വരട്ടെ എന്ന നിലയ്ക്കാണ് കാര്‍ത്തിക് ആ വീഡിയോ എടുത്തതെന്നും കോമിക്കില്‍ കാണിക്കുന്നുണ്ട്.
ആ സീനിനെപ്പറ്റി കാര്‍ത്തിക് സുബ്ബരാജ് സംസാരിക്കുമ്പോള്‍ അത് സ്‌ക്രിപ്റ്റിലില്ലെന്ന് സൂര്യ സൂചിപ്പിക്കുകയും കാര്‍ത്തിക് അതോടെ വിഷയം മാറ്റുകയും ചെയ്യുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസാണ് ബി.ടി.എസ് അനുഭവങ്ങള്‍ കോമിക് രൂപത്തില്‍ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ രണ്ട് നിര്‍മാതാക്കളിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്.
തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി റൊമാന്റിക് ആക്ഷന്‍ ഴോണറിലാണ് കാര്‍ത്തിക് സുബ്ബരാജ് റെട്രോ ഒരുക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ 1970-80 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. മലയാളികളായ ജോജു ജോര്‍ജ്, ജയറാം, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ മുഖ്യവേഷം ചെയ്യുന്നുണ്ട്. മെയ് ഒന്നിന് റെട്രോ തിയേറ്ററുകളിലെത്തും.
Content Highlight: Retro movie team clears that Suriya’s Birthday special video is not a part of the film