തമിഴ് സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് കാര്‍ത്തിക് സുബ്ബരാജ്. അദ്ദേഹം നടന്‍ സൂര്യയോടൊപ്പം ആദ്യമായി ഒന്നിക്കുന്ന സൂര്യ 44ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
റെട്രോ എന്നാണ് ഈ കാര്‍ത്തിക് സുബ്ബരാജ് – സൂര്യ ചിത്രത്തിന്റെ പേര്. രണ്ട് മിനിട്ടും 16 സെക്കന്റും ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സൂര്യയും നായികയായ പൂജ ഹെഗ്ഡേയുമാണ് ഈ ടീസറിലുള്ളത്.
സൂര്യയുടെയും പൂജ ഹെഗ്ഡേയുടെയും കരിയറിലെ മികച്ച റൊമാന്‍സ് സിനിമകളിലൊന്നാകും ഇതെന്ന് സംവിധായകന്‍ മുമ്പ് പറഞ്ഞിരുന്നു. അത് വ്യക്തമാക്കുന്നത് തന്നെയാണ് ഈ ടൈറ്റില്‍ ടീസര്‍. 1980കളില്‍ നടക്കുന്ന കഥയാണെന്നാണ് സൂചന.
വ്യത്യസ്തമായ ലുക്കില്‍ സൂര്യയെ അവതരിപ്പിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലിംപ്സും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് ഒരുക്കുന്ന ചിത്രമാണ് റെട്രോ.
മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അവര്‍ക്ക് പുറമെ നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ അഭിനയിക്കും.
ജഗമേ തന്തിരത്തിന് ശേഷം ജോജുവും കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്രമാണിത്. സൂര്യയുടെ 2ഡി എന്റര്‍ടൈന്മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ച് മൂവീസും ചേര്‍ന്നാണ് റെട്രോ നിര്‍മിക്കുന്നത്. സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2025 സമ്മറിലാകും റെട്രോ തിയേറ്ററുകളില്‍ എത്തുക.
സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശ്രേയാസ് കൃഷ്ണയാണ്. എഡിറ്റര്‍ – ഷഫീക്ക് മുഹമ്മദ്, കലാസംവിധായകന്‍ – ജാക്‌സണ്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ – കേച്ച ഖംഫക്ഡി, വസ്ത്രാലങ്കാരം – പ്രവീണ്‍ രാജയാണ്.
Content Highlight: Retro, Karthik Subbaraj’s Suriya 44 Movie Title Teaser