| Wednesday, 10th April 2019, 11:47 pm

'രാഷ്ട്രീയത്തില്‍ വിരമിക്കല്‍ പ്രായമില്ല'; ബി.ജെ.പിക്കെതിരേ ഒളിയമ്പെയ്ത് സുമിത്രാ മഹാജന്‍; '75 വയസ്സിനു മുകളിലുള്ളവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന പാര്‍ട്ടി നയത്തെക്കുറിച്ച് അറിയില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ബി.ജെ.പിക്കെതിരേ ഒളിയമ്പെയ്ത് ലോക്‌സഭാ സ്പീക്കറും ബി.ജെ.പി നേതാവുമായ സുമിത്രാ മഹാജന്‍. രാഷ്ട്രീയത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിലേതു പോലെ വിരമിക്കല്‍ പ്രായമില്ലെന്നു സുമിത്ര പറഞ്ഞു. 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കുന്നില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിശദീകരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുമിത്ര ഇക്കാര്യം പറഞ്ഞത്.

മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റുകള്‍ നല്‍കാതിരുന്നത് 75 വയസ്സ് പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 76 വയസ്സായ തന്റെ സീറ്റിന്റെ കാര്യത്തിലും പ്രഖ്യാപനം വൈകിയതോടെ സുമിത്ര സീറ്റ് വേണ്ടെന്നു കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

75 വയസ്സിനു മുകളിലുള്ളവര്‍ക്ക് സീറ്റുകള്‍ നല്‍കുന്നില്ലെന്ന് പാര്‍ട്ടിനയമുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും സുമിത്ര പറഞ്ഞു. ഇക്കാര്യത്തില്‍ അമിത് ഷായ്ക്കു മാത്രമേ എന്തെങ്കിലും പറയാനാകൂവെന്നും അവര്‍ പറഞ്ഞു.

സാധാരണ ജനങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണു രാഷ്ട്രീയപ്രവര്‍ത്തകര്‍. അവര്‍ക്കുവേണ്ടി സമയപരിധികളില്ലാതെ പ്രവര്‍ത്തിക്കുന്നവരാണവര്‍. അതുകൊണ്ട് സര്‍ക്കാര്‍ ജോലിയിലേതു പോലെ രാഷ്ട്രീയത്തില്‍ പറ്റില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

81-ാം വയസ്സിലാണു മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

1989 മുതല്‍ ഇന്‍ഡോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമാണു സുമിത്ര.

അടുത്തിടെ വീക്ക് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു 75 വയസ്സ് പിന്നിട്ടവര്‍ക്ക് സീറ്റ് നല്‍കുന്നില്ലെന്നത് പാര്‍ട്ടി തീരുമാനമാണെന്നു ഷാ വ്യക്തമാക്കിയത്.

We use cookies to give you the best possible experience. Learn more