മലപ്പുറം: പോക്‌സോ കേസില്‍ കുറ്റാരോപിതനായ മലപ്പുറം സ്‌കൂളിലെ റിട്ട. അധ്യാപകന്‍ കെ.വി. ശശികുമാര്‍ പൊലീസ് കസ്റ്റഡിയില്‍. കേസ് വന്നതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുന്‍ നഗരാസഭാംഗം കൂടിയായ കെ.വി. ശശികുമാര്‍. കേസില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാര്‍ ഒളിവില്‍പോയിരുന്നത്.
50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ.വി. ശശികുമാറിനെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തിയത്.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. കെ.വി. ശശികുമാറിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലപ്പുറത്തെ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ശശികുമാറിനെതിരെ പരാതിയുമായി മുന്നോട്ട് വന്നെന്ന് പൂര്‍വ വിദ്യാര്‍ഥിനി സംഘടനാ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനക്ക് വേണ്ടി ബീന പിള്ള, മിനി സക്കീര്‍ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ ശശികുമാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ചതിനെ തുടര്‍ന്ന് ശശികുമാര്‍ അധ്യാപക ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനു താഴെ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥിനി കമന്റിട്ടു.
ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വിശദമായി അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്ന് ബീന പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിനുള്ള നടപടികളുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട്, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും സംഘടന പരാതി നല്‍കിയിരുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. 2019ല്‍ സ്‌കൂള്‍ അധികൃതരോട് ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.
Content Highlights: Retired Teacher K.V. Sasikumar in police custody pocso case