| Thursday, 9th August 2018, 1:31 pm

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ വിസമ്മതിച്ചു; തന്നെ തൃണമൂല്‍ വേട്ടയാടുന്നെന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ.പി.എസ് ഓഫീസര്‍ ഭാരതി ഘോഷ്. തൃണമൂലിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് താന്‍ വേട്ടയാടപ്പെടുന്നതെന്നും വഞ്ചനാക്കുറ്റത്തില്‍ പ്രതിയായ ഭാരതി ഘോഷ് പറയുന്നു. പശ്ചിമ മിഡ്‌നാപൂരില്‍ നടന്ന പണത്തട്ടിപ്പു കേസില്‍ ഒളിവില്‍ പോയിരിക്കുന്നെന്ന് സി.ഐ.ഡി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ഭാരതി.

മിഡ്‌നാപൂര്‍-ഝാര്‍ഗ്രാം പ്രദേശത്ത് ബി.ജെ.പിയുടെ വോട്ടു വര്‍ദ്ധിക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ നിരാകരിച്ചതിന്റ പേരില്‍ താന്‍ തൃണമൂലില്‍ നിന്നു നേരിടുന്നത് കൊടിയ അതിക്രമങ്ങളാണെന്നാണ് ഭാരതിയുടെ വെളിപ്പെടുത്തല്‍. സുരക്ഷിത സ്ഥാനത്തിരുന്നുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഭാരതി ആരോപണങ്ങള്‍ ഉന്നയിച്ചത്.

“ഉടന്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. രാഷ്ട്രീയ വൈരത്തിന്റെ ഇരയാണ് ഞാന്‍. തൃണമൂലിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുത്തിരുന്നപ്പോള്‍ അവരെന്നെ സത്യസന്ധയായ പൊലീസുദ്യോഗസ്ഥയായി കണ്ടു. എനിക്ക് ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയാന്‍ തുടങ്ങിയതോടെ എനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. ഞാന്‍ ബി.ജെ.പിയിലാണോ കോണ്‍ഗ്രസിലാണോ ചേരുക എന്നതിലല്ല കാര്യം. തൃണമൂല്‍ അര്‍ഹിക്കുന്ന മറുപടി ഞാനവര്‍ക്ക് കൊടുക്കുക തന്നെ ചെയ്യും.” ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ ഭാരതി പറഞ്ഞു.

Also Read: എന്‍.ഡി.എയുടെ ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷന്‍; നേടിയത് 125 വോട്ടുകള്‍

സര്‍വ്വീസില്‍ പ്രവേശിച്ച ആദ്യ കാലത്ത് ജോലിയിലെ മികവിന് അംഗീകാരങ്ങള്‍ ധാരാളം വാങ്ങിച്ചിട്ടുള്ള താന്‍ തുടര്‍ന്ന് രാഷ്ട്രീയ മുതലെടുപ്പിന് കൂട്ടു നില്‍ക്കാത്തതിനാല്‍ തൃണമൂലിന് അനഭിമതയാവുകയായിരുന്നു. 2017ലെ സബാംഗ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ കാര്യമായ കുറവു വരുത്താന്‍ പ്രവര്‍ത്തിക്കണെമന്ന് തൃണമൂലിലെ പ്രമുഖന്‍ തന്നോടാവശ്യപ്പെട്ടു. താന്‍ അതിനായി ഒന്നും തന്നെ ചെയ്തില്ല. ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ വര്‍ദ്ധിക്കുകയും പാര്‍ട്ടി തന്നോട് വിശദീകരണമാവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് തന്നെ സ്ഥലം മാറ്റിയതെന്നും ഭാരതി പറയുന്നു.

രാജി വയ്ക്കാന്‍ തീരുമാനിച്ചെങ്കിലും തനിക്കും ഭര്‍ത്താവിനുമെതിരെ പാര്‍ട്ടി ഇടപെട്ട് വ്യാജ കേസുകള്‍ ഫയല്‍ ചെയ്യുകയായിരുന്നുവെന്നും ഭാരതി ആരോപിക്കുന്നുണ്ട്. തനിക്കെതിരെ നിലവിലുള്ള സ്വര്‍ണ-പണത്തട്ടിപ്പു കേസുകളെല്ലാം തന്നെ ഇത്തരത്തില്‍ കെട്ടിച്ചമച്ചതാണെന്നും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുമെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more