അഹമ്മദാബാദ്: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍. കേസന്വേഷിച്ച ഗുജറാത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ വസന്ത് ലാല്‍ജിഭായ് സോളങ്കിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
” താന്‍ കോടതിയില്‍ ഹാജരാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന ഭരണകൂടം എല്ലാശ്രമങ്ങളും നടത്തുന്നുണ്ട് എന്നാണ് ദ വയറിനോട് അദ്ദേഹം പറഞ്ഞത്.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസന്വേഷിച്ച അദ്ദേഹം ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരും വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതിന്റെ പേരില്‍ പൊലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നും താന്‍ ഭീഷണി നേരിടുകയാണെന്നാണ് സോളങ്കി പറയുന്നത്.
വെള്ളിയാഴ്ച മുംബൈയിലെ സി.ബി.ഐ കോടതിയില്‍ സോളങ്കി ഹാജരാവേണ്ടതുണ്ട്. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം 2009 മുതല്‍ തനിക്കു നല്‍കിയിരുന്ന പൊലീസ് സുരക്ഷ ജൂലൈ 18ഓടെ പിന്‍വലിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. സുരക്ഷ പുനസ്ഥാപിക്കാതെ തനിക്ക് അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് പോകാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
“കാരണമുള്ളതുകൊണ്ടാണ് എനിക്ക് സുരക്ഷ നല്‍കിയത്. ഒരു സിറ്റിങ് ജഡ്ജി മരണപ്പെടാമെങ്കില്‍ ഒരു റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്‌പെക്ടറായ എന്റെ സ്ഥിതി എന്തായിരിക്കും. ഈ കേസില്‍ ആരോപണവിധേയരായ എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് ലഭിക്കാന്‍ സര്‍ക്കാറും പൊലീസും ഏതറ്റം വരെയും പോകും. അവര്‍ക്ക് കൊല്ലാനും കഴിയും. ” ജസ്റ്റിസ് ലോയയുടെ വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
തന്റെ സുരക്ഷ പിന്‍വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരു കാരണവും കാണിച്ചിട്ടില്ലെന്നും സോളങ്കി പറഞ്ഞു. ഗുജറാത്ത് പൊലീസ്, സുപ്രീം കോടതി, ഗുജറാത്ത് ഹൈക്കോടതി, വിചാരണ നടക്കുന്ന മുംബൈ സി.ബി.ഐ കോടതി എന്നിവര്‍ക്കുള്‍പ്പെടെ സുരക്ഷ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എട്ടു കത്തുകള്‍ ഇതിനകം അയച്ചു. എന്നാല്‍ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തിന്റെ സുരക്ഷയിലും ആശങ്കയുണ്ടെന്നു പറഞ്ഞ അദ്ദേഹം ജൂലൈയില്‍ സുരക്ഷ പിന്‍വലിച്ചതു മുതല്‍ ഇതിനെതിരെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളെ സമീപിച്ചിട്ടുണ്ടെന്നും അറിയിച്ചു.
“രണ്ടുമാസത്തിനിപ്പുറം സെപ്റ്റംബര്‍ ആറിന് മുംബൈയിലെ സി.ബി.ഐ കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചു. സെപ്റ്റംബര്‍ 21ന് കോടതിക്കു മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം. എന്റെ സുരക്ഷ പിന്‍വലിച്ചത് എന്തിനായിരുന്നെന്ന് അതോടെ വ്യക്തമായി.” എന്നും അദ്ദേഹം പറഞ്ഞു.