ന്യൂദല്‍ഹി: കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിട്ടും മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ മോചനം രണ്ട് മാസത്തിലേറെ വൈകിയതില്‍ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജ് മദന്‍ ബി. ലോക്കുര്‍. പൗരന്മാരുടെ മൗലികവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ സുപ്രീം കോടതി കൂടുതല്‍ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും മദന്‍ ബി. ലോക്കുര്‍ പറഞ്ഞു.
മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ഐ.പി.ഐ-ഇന്ത്യ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതും മദന്‍ ബി. ലോക്കുറുമായിരുന്നു അവാര്‍ഡ് ജൂറിക്ക് നേതൃത്വം നല്‍കിയത്.
ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്ത് കടക്കുക എന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസപ്പെട്ട പ്രക്രിയയായി മാറിയിരിക്കുന്നെന്നും വ്യക്തിസ്വാതന്ത്ര്യമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ വെല്ലുവിളി നേരിടുന്നതെന്നും മദന്‍ ബി. ലോക്കുര്‍ പറഞ്ഞു.
‘മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ നിലവാരം വര്‍ധിച്ചിട്ടുണ്ട്. പക്ഷെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണ്. ആ കടന്നുകയറ്റങ്ങളും അടിച്ചമര്‍ത്തലുകളും അവസാനമില്ലാത്തവിധം തുടരുകയാണ്.
വിദേശത്തേക്ക് പോകുന്നതില്‍ നിന്നും വിലക്കപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തക നമുക്കുണ്ട്. മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകനെ യു.എ.പി.എ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. മറ്റൊരു മാധ്യമപ്രവര്‍ത്തകന് ജാമ്യം ലഭിച്ച ശേഷവും രണ്ട് മാസമെടുത്താണ് മറ്റ് നടപടികള്‍ പൂര്‍ത്തിയായത്. ചിലര്‍ക്ക് ജാമ്യം കിട്ടുക എന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമായി തീര്‍ന്നിരിക്കുന്നു.
പൊലീസിന്റെ ആത്യന്തിക ലക്ഷ്യം ആളുകളെ തടവില്‍ വെക്കുക എന്നതായി മാത്രം മാറുമ്പോള്‍ കോടതികള്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതുണ്ട്. മൗലികവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കേസുകളില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.
മൗലികവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തി സ്വാതന്ത്ര്യം തന്നെയാണ്. ആ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം, അല്ലാതെ വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കുകയല്ല,’ മദന്‍ ബി. ലോക്കുര്‍ പറഞ്ഞു.
യു.പിയിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു യു.പി. പൊലീസ് അറസ്റ്റ് ചെയ്തത്.
കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു. അന്ന് മുതല്‍ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികള്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.
പിന്നീട് രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതി യു.പി. പൊലീസ് ചുമത്തിയ കേസിലും ഇ.ഡി കേസിലും സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചെങ്കിലും വെരിഫിക്കേഷന്‍ നടപടികള്‍ വൈകുകയായിരുന്നു.