| Thursday, 8th November 2018, 10:42 am

സൂപ്രീംകോടതിയെ വെല്ലുവിളിച്ച അമിത് ഷായ്‌ക്കെതിരെ കേസെടുക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രപതിക്കും മുന്‍ ഉദ്യോഗസ്ഥരുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി ഉത്തരവിനെ വെല്ലുവിളിച്ച് കൊണ്ട് കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ സുപ്രീംകോടതി, പ്രസിഡന്റ്, പ്രധാനമന്ത്രി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി രാജ്യത്തെ മുന്‍ ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍. അമിത് ഷായുടെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് അമ്പതോളം പേര്‍ ചേര്‍ന്ന് സംയുക്തമായി പരാതി നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 27നാണ് അമിത് ഷാ ബി.ജെ.പി നേതൃത്വത്തില്‍ നടക്കുന്ന ശബരിമല സമരത്തെ പിന്തുണച്ച് കൊണ്ട് സംസാരിച്ചത്. നടപ്പിലാക്കാന്‍ പറ്റുന്ന നിര്‍ദേശങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും അപ്രായോഗിക ഉത്തരവുകളില്‍ നിന്ന് കോടതി പിന്മാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് പിടിച്ച് താഴെയിടുമെന്നും അമിത് ഷാ പ്രസംഗിച്ചിരുന്നു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷനായ അമിത് ഷായുടെ ഈ പ്രസംഗം സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും തെരുവിലിറങ്ങിയ പ്രതിഷേധക്കാരുടെ മതവികാരം ആളിക്കത്തിച്ച് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറയുന്നത് ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് ചട്ടമനുസരിച്ച് എല്ലാ പാര്‍ട്ടികളും തങ്ങളുടെ ഭരണഘടനയില്‍ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ പാലിക്കുമെന്ന് ഉള്‍ക്കൊള്ളിക്കണം. ബി.ജെ.പിയും ഇക്കാര്യം അവരുടെ ഭരണഘടനയില്‍ ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് ചട്ടം ലംഘിച്ചാല്‍ പാര്‍ട്ടികളുടെ അംഗീകാരം പിന്‍വലിക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ ഈ ഭരണഘടനാ വിരുദ്ധ പ്രസംഗം തിരുത്തപ്പെടാതെ പോയാല്‍ രാജ്യഘടനയില്‍ ഗുരുതരമായ ഭവിഷത്തുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു.

അമിത് ഷായുടെ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിച്ച് വിശദീകരണം തേടണമെന്നും കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും പരാതി പറയുന്നു. സര്‍ക്കാരിന്റെ തലവനെന്ന് നിലയ്ക്ക് പ്രധാനമന്ത്രി തന്റെ പാര്‍ട്ടി പ്രസിഡന്റിനെ ഉപദേശിക്കണമെന്നും പ്രസംഗത്തിന് പിന്തുണ നല്‍കരുതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

മുന്‍ ദേശീയ സുരക്ഷാഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍, മുന്‍ വിവരാവകാശ കമ്മിഷണര്‍ വജാഹത്ത് ഹബീബുള്ള, മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് നിതിന്‍ ദേശായ്, സംയുക്ത ഇന്റലിജന്‍സ് സമിതി മുന്‍ ചെയര്‍മാന്‍ ആര്‍. ഗോവിന്ദരാജന്‍, മുന്‍ ഇറ്റാലിയന്‍ അംബാസഡര്‍ തെ.പി ഫാബിയാന്‍ അടക്കമുള്ളവരാണ് പരാതി നല്‍കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more