ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്തെഴുതിവെച്ച് മുന്‍ വ്യോമസേന ഉദ്യേഗസ്ഥന്‍ ആത്മഹത്യ ചെയ്തു. അസം സ്വദേശിയായ ബിജന്‍ ദാസാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹോട്ടലില്‍ വെച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. കത്തില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നുണ്ട്.
ചിദംബരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ചെന്നും അഞ്ചു പേജുള്ള കത്തില്‍ ബിജന്‍ പറയുന്നു. രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിനു കാരണം ചിദംബരമാണ്. അല്ലാതെ നരേന്ദ്ര മോദിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കത്തിലുണ്ട്.
രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയതിനാലാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
അലഹാബാദിലെ കുല്‍ദാബാദ് പ്രദേശത്തെ ഹോട്ടലിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ മാസം ആറാം തിയ്യതിയാണ് ഇദ്ദേഹം ഹോട്ടലില്‍ റൂമെടുത്തതെന്നു ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് ബിജന്‍ ദാസിനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും സ്വന്തം ശവസംസ്‌കാരച്ചടങ്ങിനായി 1500 രൂപയും മുറിയുടെ വാടകയായി 500 രൂപയും ലഭിച്ചു. പണം എന്തിനൊക്കെ ഉപയോഗിക്കണമെന്നുള്ള നിര്‍ദേശങ്ങളും കത്തിലുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സംസ്‌കാരച്ചടങ്ങിന് കൂടുതല്‍ പണം നല്‍കാനാവില്ലെന്നും ബിജന്‍ ദാസ് സൂചിപ്പിച്ചിട്ടുണ്ട്.
‘സാമ്പത്തികം തെറ്റായി കൈകാര്യം ചെയ്യുമ്പോള്‍ അതിന്റെ ഫലം തല്‍ക്ഷണമല്ല. അടുത്ത വര്‍ഷങ്ങളിലായിരിക്കും അറിയാന്‍ കഴിയുക. അതുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തിനു മോദി സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല. നോട്ടു നിരോധനവും ജി.എസ്.ടിയും സാമ്പത്തിക മാന്ദ്യത്തെ താല്‍ക്കാലികമായി ബാധിച്ചിരിക്കാം. പക്ഷെ അതുകൊണ്ട് മാത്രമാണ് സാമ്പത്തിക മാന്ദ്യമുണ്ടായതെന്നു പറയാനാകില്ല.’ കത്തില്‍ പറയുന്നു.
അഴിമതിയും ക്രമക്കേടും നിറഞ്ഞ ഭരണം കാരണം വിരമിച്ച ശേഷം തനിക്ക് ഉപജീവനത്തിന് മാര്‍ഗം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ആത്മഹത്യ തിരഞ്ഞെടുത്തതെന്നും തന്റെ ഇളയ മകന് വേണ്ടി യാതൊന്നും ചെയ്യാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
ഗായകനാകണമെന്ന മകന്റെ മോഹം സഫലമാകാന്‍ പ്രധാനമന്ത്രി സഹായിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അലഹബാദില്‍ തന്നെ സംസ്‌കരിക്കണമെന്നും ബന്ധുക്കളെ അറിയിക്കരുതെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.