|

'എന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ പദ്ധതിയിട്ടിരുന്നു'; രണ്ട് വര്‍ഷം മുമ്പ് ആര്‍. ശ്രീലേഖ പറഞ്ഞ വാക്കുകള്‍ ചർച്ചയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെ ആദ്യ വനിത ഡി.ജി.പിയായ ആര്‍. ശ്രീലേഖ ബി.ജെ.പി അംഗത്വമെടുത്തത്. നരേന്ദ്ര മോദി പ്രഭാവമാണ് തന്നെ ബി.ജെ.പി.യില്‍ എത്തിച്ചതെന്നും ജനങ്ങളെ സേവിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതാണെന്ന് തോന്നിയതിനാലാണ് പാർട്ടി അംഗത്വമെടുത്തതെന്നുമാണ് ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഒരു വീഡിയോയില്‍ തന്റെ ഭര്‍ത്താവിനെ ആര്‍.എസ്.എസ് ഗുണ്ടകള്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള ശ്രീലേഖയുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘സസ്‌നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്ക് വെച്ചിരുന്നത്.

1997ലെ വ്യാജ ചാരായ വേട്ടയ്ക്ക് പിന്നാലെ തനിക്കും കുടുംബത്തിനും എതിരെ ഭീഷണി ഉണ്ടായിരുന്നെന്നും ഇതിന് പിന്നാലെയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും അവര്‍ പറയുന്നു. അക്കാലത്ത് ഡോക്ടറായ തന്റെ ഭര്‍ത്താവ് പത്തനംതിട്ടയില്‍ നിന്ന് കോട്ടയത്തേക്ക് സ്ഥിരം ബസില്‍ ആയിരുന്നു പോയിരുന്നെന്നും ആ യാത്രയ്ക്കിടെ കൊല്ലാനാണ് ഗുണ്ടകള്‍ പ്ലാന്‍ ചെയ്തിരുന്നതെന്നും ശ്രീലേഖ പറയുന്നു.

‘എന്റെ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാനായിട്ട് ക്വട്ടേഷന്‍ കൊടുത്തിരുന്നു. എന്നാല്‍ അത് കൊടുത്തത് അബ്കാരി മുതലാളിയാണോ അല്ലെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥതനാണോ എന്നൊന്നും അറിയില്ല. ആര്‍.എസ്.എസിന്റെ ഗുണ്ടകളായ ആള്‍ക്കാര്‍ നാല് ലക്ഷം രൂപ കൈപ്പറ്റി അദ്ദേഹം സ്ഥിരമായി പോകുന്ന കോട്ടയം-പത്തനംതിട്ട റൂട്ട് ബസില്‍ കയറി. ബസില്‍ കയറി ആളെ അന്വേഷിച്ചപ്പോഴാണ് ശ്രീലേഖ എന്ന എസ്.പിയുടെ ഭര്‍ത്താവിന് എന്തോ ബി.ജെ.പി കണക്ഷന്‍ ഉണ്ടെല്ലോ എന്നറിയുന്നത്.

എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ബി.ജെ.പി ബന്ധമുള്ളവരാണ്. അദ്ദേഹത്തിനും ഒരു ബി.ജെ.പി സിമ്പതിയുണ്ട്. ഇത് മനസിലാക്കിയ അവര്‍ എന്നോട് വന്ന് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ക്വട്ടേഷന്‍ കിട്ടിയിരുന്നെന്നും അതിനാല്‍ സാറിനോട് ഒന്ന സൂക്ഷിക്കാന്‍ പറയണം എന്നും പറഞ്ഞു. അവര്‍ അത് ചെയ്യാത്തതിനാല്‍ മറ്റൊരാള്‍ക്ക് ആ ക്വട്ടേഷന്‍ കൊടുക്കാന്‍ ചാന്‍സ് ഉണ്ടെന്നും അതുകൊണ്ട് മാഡം സൂക്ഷിക്കണം എന്നുമാണ് അവര്‍ പറഞ്ഞത്,’ ശ്രീലേഖ പറഞ്ഞു.

ഇതേ വീഡിയോയില്‍ തന്നെ തന്റെ മകനെ തട്ടിക്കൊണ്ട് പോകാന്‍ അബ്കാരി സംഘം ശ്രമിച്ചതായും ശ്രീലേഖ പറയുന്നുണ്ട്.

വ്യാജചാരായ വേട്ടയ്ക്ക് പിന്നിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശ്രീലേഖ സര്‍ക്കാരിനെ അറയിച്ചിരുന്നെന്നും ഇതിന് പിന്നാലെ തനിക്ക് മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നടക്കം വധഭീഷണി നേരിട്ടിരുന്നുവെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Content Highlight: Retired DGP R.Sreelekha says her husband faced murder attempt from RSS goons