'ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം'; ഉന്നാവോ, കത്തുവ സംഭവത്തില്‍ മോദിയ്ക്ക് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കത്ത്
Kathua gangrape-murder case
'ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം'; ഉന്നാവോ, കത്തുവ സംഭവത്തില്‍ മോദിയ്ക്ക് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th April 2018, 8:19 am

ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഉന്നാവോ, കത്തുവ ബലാത്സംഗക്കേസില്‍ ഭരണകൂടത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്ക് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കത്ത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 49 ഉദ്യോഗസ്ഥരാണ് ജനാധിപത്യമൂല്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാണിച്ച് മോദിയ്ക്ക് കത്തെഴുതിയത്.

ഉന്നവോ, കത്തുവ സംഭവങ്ങളില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയ്ക്ക് നേരിട്ട് കത്തെഴുതി മുന്‍ സിവില്‍ ഉദ്യോഗസ്ഥരും പ്രതിഷേധത്തില്‍ പങ്കാളികളായകത്. ജനങ്ങള്‍ നല്‍കിയ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

“ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള രാജ്യത്തിന്റെ മതേതരത്വം, ജനാധിപത്യവും എല്ലം നശിച്ചു. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം വഴി രാജ്യം എത്രത്തോളം അധ:പതിച്ചു എന്നതിന്റെ ആഴം വ്യക്തമാക്കുന്നു.”


Also Read:  അങ്കമാലിയില്‍ പള്ളിപ്പെരുന്നാളിനിടെ വെടിക്കെട്ടപകടം; ഒരു മരണം


സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും ഇരുണ്ട അധ്യായത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും കത്തില്‍ പറയുന്നു.

ജമ്മുവിനടുത്തുള്ള കത്തുവയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.


Also Read:  ഹര്‍ത്താല്‍ ഉണ്ടെന്ന പ്രചാരണം സമാധാനപരമായ പ്രതിഷേധങ്ങളെ വഴിതിരിച്ചു വിടാനെന്ന് മുസ്‌ലിം യൂത്ത് ലീഗ്


ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.

സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.

കഴിഞ്ഞ ജൂണില്‍ തന്നെ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഉന്നാവോ സ്വദേശിയായ 16 കാരിയാണ് പരാതി നല്‍കിയിരുന്നു. നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.

ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

WATCH THIS VIDEO: