ന്യൂദല്‍ഹി: രാജ്യസഭാംഗവും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രഞ്ജന്‍ ഗൊഗോയിക്കെതിരെ ബുധനാഴ്ച വിരമിച്ച സുപ്രീം കോടതി ജഡ്ജായ ദീപക് ഗുപ്ത. ഗൊഗോയിക്ക് പകരം താനായിരുന്നെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഒരു വാഗ്ദാനവും സ്വീകരിക്കുമായിരുന്നില്ലെന്നും ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ കേസിന് ശേഷം സുപ്രീംകോടതി മെച്ചപ്പെട്ടിട്ടില്ലെന്നും ദീപ്ക ഗുപ്ത പറഞ്ഞു.
ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപക് ഗുപ്തയുടെ പ്രതികരണം.
‘ഞാനായിരുന്നെങ്കില്‍ അത് സ്വീകരിക്കില്ല. മാത്രമല്ല, എനിക്കത് ആരും വാഗ്ദാനം ചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല,’ ദീപക് ഗുപ്ത പറഞ്ഞു.
ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലെ പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതെന്ന ഗൊഗോയിയുടെ വാദം തെറ്റാണെന്നും ദീപക് ഗുപ്ത പറഞ്ഞു.
‘ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മില്‍ എന്നും പാലമുണ്ട്. അത് ചീഫ് ജസ്റ്റിസാണ്. ഞാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് ധാരാളം മുഖ്യമന്ത്രിമാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണക്കേസ് അദ്ദേഹം തന്നെ കേട്ടതിലും ദീപക് ഗുപ്ത അതൃപ്തി രേഖപ്പെടുത്തി.
‘കേസിന്റെ ഗുണങ്ങളെക്കുറിച്ചും കമ്മിറ്റിയില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും ഞാന്‍ രഹസ്യമാക്കുന്നില്ല. 2019 ഏപ്രില്‍ 20 ശനിയാഴ്ച രഞ്ജന്‍ ഗൊഗോയി അധ്യക്ഷതയിലിരുന്ന ആ വാദത്തിനു (രഞജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ കേസ്) ശേഷം ലളിതമായി പറഞ്ഞാല്‍ സുപ്രീംകോടതി മെച്ചപ്പെട്ടിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
ഒരു സ്വതന്ത്രമായ ജുഡീഷ്യറി നിലനില്‍ക്കുന്നതിന് രാജ്യത്ത് മെച്ചപ്പെട്ട പരിശീലനം ലഭിച്ച സത്യസന്ധരായ ജഡ്ജിമാരുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തരത്തിലുള്ള നിയമനങ്ങളും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.