| Sunday, 10th December 2023, 3:38 pm

അല്‍ നസറിനായി അഞ്ച് കിരീടങ്ങള്‍ നേടിയിട്ടേ ഫുട്‌ബോളില്‍ നിന്നും വിരമിക്കൂ; റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വലിയ വാഗ്ദാനങ്ങള്‍ നല്‍കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. അല്‍ നസറിനൊപ്പം വലിയ ട്രോഫികള്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നും സൗദി ക്ലബ്ബിനൊപ്പം അഞ്ച് കിരീടങ്ങള്‍ എങ്കിലും നേടാതെ താന്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കില്ലെന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

അല്‍ നാസര്‍ ക്ലബ്ബിനൊപ്പം അഞ്ചില്‍ കൂടുതല്‍ കിരീടം നേടുന്നതുവരെ ഞാന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കില്ല. അല്‍ നസറിന്റെ ആരാധകര്‍ ലോകത്തിലെ ഏറ്റവും മികച്ചവരാണ്. ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെ ഒരിക്കലും മറക്കില്ല,’ റൊണാള്‍ഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ഡുന്യ ന്യൂസ്.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സീസണിലാണ് റൊണാള്‍ഡോ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി ക്ലബ്ബില്‍ എത്തുന്നത്. അല്‍ നസറിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്. അല്‍ നസറിനായി 46 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റോണോ 39 ഗോളുകള്‍ അക്കൗണ്ടില്‍ ആക്കിയിട്ടുണ്ട്. ഓഗസ്റ്റില്‍ നടന്ന ചാമ്പ്യന്‍സ് കപ്പ് നേടികൊണ്ട് റൊണാള്‍ഡോ അല്‍ നസറിനായി ആദ്യ കിരീടം നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ അല്‍ നാസറിന് അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് ലീഗ് കിരീടം നഷ്ടമായത്.

എന്നാല്‍ ഇത്തവണ മിന്നും ഫോമിലാണ് റോണോ. സൗദി വമ്പന്മാര്‍ക്കൊപ്പം പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റോണോ നടത്തുന്നത്. 19 ഗോളുകളും പത്ത് അസിസ്റ്റുകളും നേടി ഈ സീസണില്‍ മിന്നും ഫോമിലാണ് ഈ 38കാരന്‍. 16 ഗോളുകള്‍ നേടി സൗദി പ്രോ ലീഗിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് റൊണാള്‍ഡോ.

സൗദി പ്രോ ലീഗില്‍ 17 റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 37 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റോണോയും കൂട്ടരും. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി ഏഴ് പോയിന്റ് വ്യത്യാസമാണ് അല്‍ നസറിനുള്ളത്.

കിങ്സ് കപ്പില്‍ ഡിസംബര്‍ പത്തിന് അല്‍ ഷദാബിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

CONTENT HIGHLIGHTS: Retire from football after winning five titles for Al Nasr; Ronaldo

We use cookies to give you the best possible experience. Learn more