| Thursday, 29th February 2024, 2:15 pm

ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ ജഡ്ജിയെ യു.പിയില്‍ ഓംബുഡ്‌സ്മാനായി നിയമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതി ജഡ്ജി അജയ് കൃഷ്ണ വിശ്വേഷിനെ സര്‍വകലാശാല ഓംബുഡ്‌സ്മാനായി നിയമിച്ചു. ലഖ്‌നൗവിലെ ഡോ.ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്‌സിറ്റിയുടെ ഓംബുഡ്‌സ്മാനായാണ് അദ്ദേഹത്തെ നിയമിച്ചത്.

ജനുവരി 31ന് അദ്ദേഹം വിരമിച്ചതിന് പിന്നാലെയാണ് നിയമനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലയിലാണ് നിയമനം നടന്നത്. സര്‍വകലാശാല വൈസ് ചാന്‍സലർ ഹിമാന്‍ഷു ശേഖര്‍ ഷായാണ് നിയമനം നടത്തി ഉത്തരവിട്ടത്. ബുധനാഴ്ച സര്‍വലാശാല സന്ദര്‍ശിച്ച അജയ് കൃഷ്ണ വൈസ് ചാന്‍സലറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എല്ലാ സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കുന്നതിന് ഒരു ഓംബുഡ്‌സ്മാനെ നിര്‍ബന്ധമായും നിയോഗിക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഉത്തരവിട്ടതായി വൈസ് ചാന്‍സലര്‍ പറഞ്ഞു. ഓംബുഡ്‌സ്മാന്‍ വിരമിച്ച വൈസ് ചാന്‍സലറോ മുന്‍ ജില്ലാ ജഡ്ജിയോ ആയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1993ന് മുമ്പ് 30 വര്‍ഷത്തോളം ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ പൂജ നടന്നതായി വിധിയില്‍ ജഡ്ജി പറഞ്ഞിരുന്നു. പള്ളിയില്‍ ആരാധന നടത്താനും അജയ് കൃഷ്ണ വിശ്വേഷ് അനുമതി നല്‍കി. വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചെങ്കിലും പൂജ തുടരാമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Contant Highlight: Retd judge who allowed puja in Gyanvapi cellar made university ombudsman

We use cookies to give you the best possible experience. Learn more