ന്യദല്‍ഹി: ബി.ബി.സി. ഓഫീസുകളിലെ ഇന്‍കം ടാക്‌സ് റെയ്ഡില്‍ പ്രതികരണവുമായി ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പ്ലാറ്റ്‌ഫോമായ ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ ( DIGIPUB ). അഭിപ്രായ സ്വാതന്ത്ര്യത്തിനെ നിശബ്ദമാക്കുന്ന പ്രതികാര നടപടിയാണ് ബി.ബി.സിയിലെ റെയ്‌ഡെന്ന് ഡിജിപബ് പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യമുഖത്തെ ലോകത്തിന് മുമ്പില്‍ കളങ്കപ്പെടുത്തുന്ന ഈ നടപടി ആശങ്കാജനകമാണെന്നും ട്വിറ്ററില്‍ ഡിജിപബ് പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.
‘ബി.ബി.സിയുടെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ റെയ്ഡില്‍ ഡിജിപബ് വളരെയധികം ആശങ്കയിലാണ്. ബി.ബി.സിയിലെ ജീവനക്കാര്‍ക്ക് അവരുടെ ഫോണും ലാപ്‌ടോപ്പും ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റിന് കൊടുക്കേണ്ടി വന്നുവെന്ന റിപ്പോര്‍ട്ടുകളും കണ്ടു.
ബി.ബി.സിയുടെ രണ്ട് ഭാഗങ്ങളായി വന്ന ഡോക്യുമെന്ററിയായ ‘ഇന്ത്യ-ദി മോദി ക്വസ്റ്റിയന്’ ഇന്ത്യന്‍ സര്‍ക്കാര്‍ തടസമേര്‍പ്പെടുത്തി ആഴ്ചകള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അഭിപ്രായ സ്വാതന്ത്രത്തിനെ നിശബ്ദമാക്കാനുള്ള പ്രതികാരപൂര്‍വമായ നടപടിയാണിത്. ലോകത്തിന് മുമ്പിലുള്ള നമ്മുടെ പക്വമായ ജനാധിപത്യ മുഖത്തെ കളങ്കിതമാക്കുക മാത്രമല്ല, സൗഹൃദത്തിലുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തിന് കോട്ടം തട്ടിക്കുകയും ചെയ്യും,’ പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നത് അത്യന്തം ആശങ്കാജനകമായ പ്രവണതയാണെന്നും ഡിജിപബ് പ്രസ്താവനയില്‍ പറഞ്ഞു. 2021 മുതല്‍ ന്യൂസ് ക്ലിക്ക്, ന്യൂസ് ലൗണ്ട്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, വയര്‍ എന്നീ സ്ഥാപനങ്ങളുടെ ഓഫീസ് റെയ്ഡ് ചെയ്യപ്പെടുന്നുണ്ട്. സത്യം പറയുന്ന മാധ്യമങ്ങള്‍ക്കെതിരെയാണ് ഇത്തരം റെയ്ഡുകള്‍ നടക്കാറുള്ളത്. ഭരണ ഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, പൗരന്മാര്‍ക്ക് സത്യം അറിയാനുള്ള അവകാശം എന്നിവ നിയന്ത്രിക്കാന്‍ ഭരണ സംവിധാനം ശ്രമിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.