കളമശ്ശേരി ഭൂമി തട്ടിപ്പ്: നുണ പരിശോധന ഫലം ടി.ഒ സൂരജിന് അനുകൂലം
Daily News
കളമശ്ശേരി ഭൂമി തട്ടിപ്പ്: നുണ പരിശോധന ഫലം ടി.ഒ സൂരജിന് അനുകൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st July 2015, 4:21 pm

to sooraj
കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം നടത്തിയ നുണ പരിശോധനാ ഫലം മുന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി.ഒ സൂരജിന് അനുകൂലമെന്ന് സൂചന. സൂരജ് ഒന്നും മറച്ചു വെക്കുന്നില്ലെന്നാണ് ലാബ് റിപ്പോര്‍ട്ട്. ചെന്നൈയിലുള്ള ഫോറന്‍സിക് ലാബിലാണ് സൂരജിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്.

സലിം രാജിനെ പരിചയമുണ്ടോ, ഭൂമിയിടപാടില്‍ ബന്ധമുണ്ടോ തുടങ്ങിയ 12 ചോദ്യങ്ങളായിരുന്നു സൂരജിനോട് ടെസ്റ്റിനിടെ ചോദിച്ചിരുന്നത്. പരിശോധനാ ഫലം സി.ജെ.എം കോടതി വഴി സി.ബി.ഐക്ക് അടുത്ത ദിവസം ലഭിക്കും.

ടി.ഒ സൂരജ് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് നുണപരിശോധ നടത്തിയിരുന്നത്. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് നേരത്തെ എറണാകുളം സി.ജെ.എം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ ഉദ്യോഗസ്ഥരാണ്  അപേക്ഷ നല്‍കേണ്ടതെന്നും പരിശോധന നടത്തപ്പെടേണ്ട വ്യക്തിയല്ലെന്നും ചൂണ്ടിക്കാട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂരജിന്റെ അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന് കോടതിയെ അറിയിച്ചശേഷം സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണംസംഘം തീരുമാനിക്കുകയായിരുന്നു.

ലാന്‍ഡ് റവന്യൂ കമ്മിഷണറായിരിക്കെ സൂരജ്  കളമശ്ശേരിയിലെ 25 കോടി വിലവരുന്ന ഭൂമി തട്ടിയെടുക്കാന്‍ ഒത്താശ നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം.