| Monday, 27th May 2019, 9:31 am

അട്ടിമറിനീക്കം ശക്തം; കര്‍ണാടകയിലെ രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയെ കണ്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ കര്‍ണാടകയിലെ രാഷ്ട്രീയാന്തരീക്ഷം ബി.ജെ.പിക്ക് അനുകൂലമായി തിരിയുന്നതായി സൂചന. കോണ്‍ഗ്രസിന്റെ രണ്ടു വിമത എം.എല്‍.എമാര്‍ ഇന്നലെ ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു.

ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയുടെ മുഖ്യമന്ത്രി പദവിയില്‍ അസംതൃപ്തരായ കോണ്‍ഗ്രസിലെ എട്ടോളം എം.എല്‍.എമാരില്‍ പെട്ട രമേഷ് ജാര്‍കിഹോളി, കെ.സുധാകര്‍ എന്നിവരാണ് കൃഷ്ണയെ കണ്ടത്.

എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണയെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല കണ്ടതെന്നായിരുന്നു എം.എല്‍.എമാരുടെ വാദം. കര്‍ണാടകയില്‍ ബി.ജെ.പി 25 സീറ്റില്‍ ജയിച്ചതിന് ശേഷം കൃഷ്ണജിയെ അഭിനന്ദിക്കാനാണ് ഞങ്ങള്‍ പോയത്.

ഫെബ്രുവരിയില്‍ മുംബൈയിലേക്ക് പോയ ആറു കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഇവരുമുണ്ടായിരുന്നു. ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ആവശ്യപ്പെട്ട പ്രകാരമാണ് ഇവര്‍ മുംബൈയിലേക്ക് പോയതെന്നായിരുന്നു ആരോപണം.

കര്‍ണാടകയില്‍ 28ല്‍ 25 സീറ്റും ബി.ജെ.പി നേടിയ സാഹചര്യത്തില്‍ നിലവിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ നിലംപതിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നേരത്തെ തന്നെ കോണ്‍ഗ്രസില്‍ വിമത എം.എല്‍.എമാര്‍ ഉള്ള സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റ ആനുകൂല്യം ഇവരെ പാര്‍ട്ടിയിലേക്ക് എത്തിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

104 സീറ്റുകളുള്ള ബി.ജെ.പിയാണ് കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ കോണ്‍ഗ്രസ്(80) ജെ.ഡി.എസുമായി(37) സഖ്യം ചേര്‍ന്ന സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more