ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ചിത്രം 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദ റൈസിന്റെ തുടര്‍ച്ചയാണ്. ഇന്ത്യയൊട്ടാകെ ട്രെന്‍ഡായി മാറിയ പുഷ്പ രണ്ടാം വരവില്‍ വന്‍ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്.
അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ഇതിനോടകം 100 കോടിക്കുമുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിന്റെ പിന്നണിയില്‍ രണ്ട് മലയാളികളുടെ സാന്നിധ്യമുണ്ട്.ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും സൗണ്ട് മിക്‌സര്‍ എം.ആര്‍. രാജകൃഷ്ണനും. ഇരുവരും പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യുമ്പോള്‍ എപ്പോഴും അതിന്റെ സൗണ്ട് മിക്‌സിങ് വലിയൊരു പ്രശ്‌നമായി വരാറുണ്ടെന്നും തിയേറ്റര്‍ ഉടമകളും സൗണ്ട് ഡിസൈനര്‍മാരും തമ്മിലുണ്ടാകാറുള്ള തെറ്റിദ്ധാരണ കാരണമാണ് അത് സംഭവിക്കുകയെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
തിയേറ്റര്‍ ഉടമകള്‍ സൗണ്ട് ലെവല്‍ കുറച്ചേക്കുമെന്ന പേടിയില്‍ തങ്ങള്‍ സൗണ്ട് ലെവല്‍ കൂട്ടാറുണ്ടെന്നും ഇത് കാരണം പ്രേക്ഷകര്‍ക്ക് ശബ്ദം ഒരു പ്രശ്‌നമായി വരാറുണ്ടെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹോളിവുഡ് സിനിമകള്‍ സ്റ്റാന്‍ഡേര്‍ഡ് ലെവലായ സെവന്‍ പോയിന്റില്‍ ശബ്ദം സെറ്റ് ചെയ്ത് വെക്കാറുണ്ടെന്നും തിയേറ്ററുകാര്‍ അത് മാറ്റാറില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
അതേ കാര്യം തന്നെയാണ പുഷ്പ 2വില്‍ ചെയ്തിട്ടുള്ളതെന്നും തിയേറ്റര്‍ ഉടമകള്‍ക്ക് ആ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ടെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഈ ഒരു കാര്യം പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ചിത്രം കങ്കുവ റിലീസ് ചെയ്ത സമയത്ത് ഇതുപോലെ ശബ്ദത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടായിരുന്നു. അന്ന് റസൂല്‍ പൂക്കുട്ടി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ വിമര്‍ശിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍
‘പുഷ്പ 2വിന്റെ സൗണ്ട് മിക്‌സിങ് കഴിഞ്ഞിരിക്കുകയാണ്. ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യുമ്പോള്‍ പലപ്പോഴും പേടിക്കേണ്ടി വരുന്നത് അതിന്റെ സൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റിനെപ്പറ്റിയാണ്. തിയേറ്ററുകാര്‍ സൗണ്ട് ലെവല്‍ കുറക്കുമോ എന്ന് പേടിച്ച് പലപ്പോഴും ഞങ്ങള്‍ ആദ്യമേ അത് സ്വല്പം കൂട്ടിവെക്കും. അവര്‍ ചിലപ്പോള്‍ വീണ്ടും കുറക്കും. ഞങ്ങള്‍ ഇത് ചെയ്യുന്നതുമൂലം പ്രേക്ഷകരുടെ ആസ്വാദനത്തെ അത് ബാധിക്കാറുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ മാത്രമേ ഈ പ്രശ്‌നമുള്ളൂ. ഹോളിവുഡ് സിനിമകള്‍ ഇറങ്ങുമ്പോള്‍ ആദ്യമേ അവര്‍ സ്റ്റാന്‍ഡേര്‍ഡ് ലെവലായ ഏഴില്‍ സെറ്റ് ചെയ്ത് വെക്കും. അത് കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അതേ കാര്യം തന്നെയാണ് ഞാനും രാജകൃഷ്ണനും പുഷ്പ 2വില്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ക്ക് ആ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ടിക്കറ്റെടുത്ത് കയറുന്ന പ്രേക്ഷകര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.
Content Highlight: Resul Pookutty says that Pushpa 2 follows Hollywood level of sound design