റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം
Daily News
റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th February 2016, 12:19 pm

rasool

ലോസ് ഏഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം.

ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയിലെ മികച്ച സൗണ്ട് എഡിറ്റിങ്ങിനാണ് പുരസ്‌കാരം ലഭിച്ചത്.
സിനിമാ ശബ്ദലേഖന രംഗത്ത് ആഗോളതലത്തിലെ ഏറ്റവും വലിയ അംഗീകാരമായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ് നല്‍കുന്ന പുരസ്‌കാരണാണിത്. ഏഷ്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

2012 ഡിസംബര്‍ 12ന് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് “ഇന്ത്യാസ് ഡോട്ടര്‍”.

ബി.ബി.സിക്കായി ലെസ്‌ലി ഉഡ് വിനാണ് സംവിധാനം നിര്‍വഹിച്ചത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്‍ഡോ യുഎസ് സിനിമയായ അണ്‍ഫ്രീഡം, ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യാസ് ഡോട്ടര്‍ എന്നിവയിലെ ശബ്ദസംവിധാനത്തിന് രണ്ടു നോമിനേഷനുകളാണ് സമര്‍പ്പിച്ചിരുന്നത്.

ലോസ് ഏഞ്ചല്‍സിലെ വെസ്റ്റിന്‍ ബൊനാവെന്‍ച്യുര്‍ ഹോട്ടലിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്.

പുരസ്‌കാര നേട്ടം നിര്‍ഭയയുടെ ആത്മാവിന് സമര്‍പ്പിക്കുന്നതായി റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ യുവജനങ്ങള്‍ക്ക് ആവേശം നല്‍കുന്ന നേട്ടമാണിതെന്നും പൂക്കുട്ടി പറഞ്ഞു.

ഇന്ത്യാസ് ഡോട്ടറിനും അണ്‍ ഫ്രീഡത്തിനും ഇന്ത്യയില്‍ പ്രദര്‍ശന വിലക്കുണ്ട്. ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 2009ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി.

സൗണ്ട് എഡിറ്റിങ് രംഗത്ത് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് റസൂല്‍ പൂക്കുട്ടി.