കൊവിഡ് രോഗികള്‍ ഉണ്ടായേക്കാമെന്നറിഞ്ഞിട്ടും രക്ഷക്കെത്തിയ കരിപ്പൂരുകാര്‍ക്കെന്റെ ബിഗ് സല്യൂട്ട്: റസൂല്‍ പൂക്കുട്ടി
Plane Crash
കൊവിഡ് രോഗികള്‍ ഉണ്ടായേക്കാമെന്നറിഞ്ഞിട്ടും രക്ഷക്കെത്തിയ കരിപ്പൂരുകാര്‍ക്കെന്റെ ബിഗ് സല്യൂട്ട്: റസൂല്‍ പൂക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th August 2020, 3:54 pm

കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന വിമാനാപകടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂരുകാരെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടവരാണ് എന്നറിഞ്ഞു കൊണ്ട് തന്നെ രംഗത്തിറങ്ങിയവരാണവരെന്നും അദ്ദേഹം പറയുന്നു.

‘കുടുങ്ങിക്കിടക്കുന്നവരില്‍ കൊവിഡ് രോഗികളുണ്ടാകാം എന്ന് അറിഞ്ഞിട്ടും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ 14 ദിവസം ക്വാറന്റീനില്‍ പോകേണ്ടി വരും എന്നറിഞ്ഞിട്ടും വിമാനം തകര്‍ന്നപ്പോള്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ ഓടിയെത്തിയ കരിപ്പൂരിലെ ജനങ്ങള്‍ക്ക് ആദ്യം തന്നെ ബിഗ് സല്യൂട്ട്. കൂടെയുള്ളവരോട് കാണിക്കേണ്ട സ്‌നേഹമെന്താണെന്നും അനുകമ്പയെന്താണെന്നും നിങ്ങളെന്നെ പഠിപ്പിക്കുന്നു,’ റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയര്‍ഇന്ത്യാ വിമാനമാണ് കഴിഞ്ഞ ദിവസം രാത്രം അപകടത്തില്‍ പ്പെട്ടത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കാണ് ഇതുവരെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

അപകടം സംഭവിച്ച ഉടനെ നാട്ടുകാര്‍ വന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും രംഗത്തെത്തിയിരുന്നു.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചവര്‍ വീണ്ടും സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നതും, ക്വാറന്റീനില്‍ പോകേണ്ട കാര്യങ്ങള്‍ അന്വേഷിച്ചതുമായ വിവരങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ ഷിംന അസീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയവരോടെല്ലാവരോടും നിര്‍ബന്ധമായും ക്വാറന്റീനിലിരിക്കണമെന്നും അവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കിയിരുന്നു.

അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക