ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും യശസ് വാനോളമുയര്‍ത്തിയ സിനിമാ ലോകത്തിന് വളരെ സുപരിചിതനായ വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി. 2008ല്‍ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
ബ്രിട്ടീഷ് സിനിമകളിലും മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. കേരള വര്‍മ പഴശ്ശി രാജ, ആദമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, ദ സൗണ്ട് സ്റ്റോറി, കമ്മാര സംഭവം, കോളാമ്പി, ട്രാന്‍സ്, ആടുജീവിതം തുടങ്ങിയ മലയാള സിനിമകളില്‍ റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്നു. തന്റെ കരിയറില്‍ തനിക്കുണ്ടായ ഷോക്കിങ്ങായ ചില റിജക്ഷന്‍സിനെ കുറിച്ച് മൈല്‍സ്റ്റോണ്‍ മേക്കേഴ്സില്‍ സംസാരിക്കുകയാണ് റസൂല്‍ പൂക്കുട്ടി.
ഓസ്‌കര്‍ ലഭിച്ചതിന് ശേഷവും തനിക്ക് ഇന്ത്യയില്‍ പലപ്പോഴായും റിജക്ഷന്‍സുണ്ടായിട്ടുണ്ടെന്നും അത് തനിക്ക് വളരെ ഷോക്കിങ്ങായ അനുഭവമായിരുനെന്നും, ഇന്ത്യയില്‍ നിന്ന് മാത്രമാണ് തനിക്ക് അത്തരത്തിലുള്ള അനുഭവമുണ്ടായതെന്നും അദ്ദേഹം പറയുന്നു. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ളവര്‍ ഇങ്ങോട്ട് വന്ന് എനിക്ക് താങ്കളുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് പറയാറുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു
‘എന്നെ പലരും റിജക്റ്റ് ചെയ്തിട്ടുണ്ട്. ഓസ്‌കര്‍ കിട്ടിയതിന് ശേഷവും ഒരുപാട് പേര്‍ റിജക്റ്റ് ചെയ്യുകയുണ്ടായി. വെന്‍ യൂ ഗെറ്റ് റിജക്റ്റട് ഇറ്റ് സൊ ഡിഫിക്കല്‍ട് ടൂ പ്രോസസ് ഇറ്റ്. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. ബിക്കോസ് യൂ ആര്‍ ടൂ ഗുഡ്. അത്തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കൊരുപാട് ഷോക്കിങ് ആയിരുന്നു.അത് ഞാന്‍ ഇന്ത്യയില്‍ മാത്രം ഫേസ് ചെയ്തിട്ടുള്ള കാര്യമാണ്.
ലോകത്തിലെ മികച്ച അഞ്ച് വര്‍ക്കുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേറ്റ് ചെയ്തു. ഞാനും അവിടെ പോയി. എന്നാല്‍ എനിക്ക് അവാര്‍ഡുകള്‍ ഒന്നും തന്നെ ലഭിച്ചില്ല. പകരം എമിലിയ പാരസിന് കിട്ടി. പക്ഷേ അവിടെ വെച്ച് മീറ്റ് ചെയ്ത ഓരോ ആളുകളും എനിക്ക് തങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് പറയുകയുണ്ടായി. ഇവിടെയുള്ള വ്യത്യാസം ഒന്ന് ആലോചിച്ച് നോക്കൂ. ഓസ്‌കറൊക്കെ കിട്ടി ഇവിടേക്ക് തിരിച്ചുവരുമ്പോള്‍, ഇവിടെയുള്ളവര്‍ പറയുന്നത് ഹേയ് റസൂല്‍ വീ ഡോണ്‍ഡ് നീഡ് യുര്‍ എക്സ്പര്‍ട്ടിസ് ബിക്കോസ് യൂ ആര്‍ ടൂ ഗുഡ് ഇന്‍ യുര്‍ ജോബ്,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.
Content Highlight: Resul Pookutti Talks About Rejections That He Face After Oscar