ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജെ.എന്‍.യുവിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിട്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും പൊലീസ് ബാരിക്കേടുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി കാമ്പസിന് പുറത്ത് വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. 1200 ലേറെ പൊലിസുകാരെയാണ് വിന്യസിച്ചത്. എന്നാല്‍ വിലക്കുകള്‍ ഭേദിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് കാല്‍ നടയായി മാര്‍ച്ച് നടത്തുകയാണ്.
ജെ.എന്‍.യു സമരത്തില്‍ കേന്ദ്രം ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. യു.ജി.സി. മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടുന്നതാണ് ഉന്നതാധികാര സമിതി.
പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുക എന്ന ആവശ്യം ഉയര്‍ത്തിയാണ് ഇന്ന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാര്‍ലമെന്റില്‍ ഇന്ന് ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്.
ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ യുണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്.
മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ അധികൃതര്‍ ഫീസ് വെട്ടികുറച്ച് രണ്ട് പേര്‍ താമസിക്കുന്ന റൂമിന് 100 രൂപയും ഒരാള്‍ താമസിക്കുന്ന റൂമിന് 200 രൂപയും ആക്കി. പക്ഷെ ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കണം എന്ന തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ