പത്തനംതിട്ട: ശബരിമലയില്‍ നെയ്യഭിഷേകം നടത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ പന്ത്രണ്ടരവരെ നെയ്യഭിഷേകം നടത്താനാകും. നെയ്യഭിഷേകത്തിനുളള എല്ലാസൗകര്യവും ഒരുക്കും. ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുന്ന ഒന്നും ഇനി ഉണ്ടാകില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.
മാധ്യമങ്ങളും ഭക്തരും ചൂണ്ടിക്കാട്ടുന്ന എന്തു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറാണ്. ഇതുവരെ നേരിട്ടത് സ്റ്റാര്‍ട്ടിങ് ട്രംബിള്‍ ആയിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്കുളളില്‍ എത്താനാകും വിധം ഭക്തരെ കടത്തിവിടും. മറ്റ് രാഷ്ട്രീയ കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
രാത്രി കാലങ്ങളില്‍ സുരക്ഷയെ മുന്‍നിറുത്തി ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്തവരെ മാത്രം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കും. എന്നാല്‍ കുട്ടികളുമായി എത്തുന്നവരെയും വൃദ്ധരെയും അവശതയുള്ളവരെയും നടപ്പന്തലില്‍ തങ്ങാന്‍ അനുവദിക്കും. മുറികള്‍ എടുക്കുമ്പോള്‍ പ്രായമായവര്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും മുന്‍ഗണന നല്‍കും. ഭക്തരുടെ സൗകര്യങ്ങളാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും പ്രധാനം. എന്നാല്‍ സന്നിധാനത്തെ സമര കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമറിയിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രളയത്തെ തുടര്‍ന്ന് പമ്പയിലെ സൗകര്യങ്ങളെല്ലാം നശിച്ചിരിക്കുകയാണ്. ഇനി ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സുപ്രീം കോടതി വിലക്കുണ്ട്. അതിനാല്‍ നിലയ്ക്കലിനെ പുതിയ ബേസ് ക്യാംപ് ആക്കും. 10,000 പേര്‍ക്ക് വിരിവയ്ക്കാന്‍ തരത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പമ്പയില്‍ 1000 പേര്‍ക്ക് കൂടി വിരിവെക്കാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.