| Sunday, 25th December 2016, 4:43 pm

പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30ന് ശേഷവും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


നോട്ട് നിരോധന നടപടി 50-ാം ദിവസത്തിലേക്ക് അടുക്കുമ്പോഴാണ്, പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. 


ന്യൂദല്‍ഹി: നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം ബാങ്കുകളിലും എ.ടി.എമ്മുകളിലും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30ന് ശേഷവും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രസുകള്‍ക്കും റിസര്‍വ് ബാങ്കിനും പ്രതിസന്ധി മറികടക്കാന്‍ വേണ്ടത്ര നോട്ടുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധന നടപടി 50-ാം ദിവസത്തിലേക്ക് അടുക്കുമ്പോഴാണ്, പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്.

പിന്‍വലിക്കല്‍ പരിധി പൂര്‍ണമായും എടുത്തുകളയുമെന്ന് കരുതുന്നില്ലെന്നും കറന്‍സി ലഭ്യത കൂടുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകാമെന്നും ഒരു മുതിര്‍ന്ന പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


50 ദിവസത്തിനുശേഷം ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്ന വാഗ്ദാനം. തങ്ങള്‍ ആവശ്യപ്പെട്ട 50 ദിവസത്തിനുശേഷം സത്യസന്ധരായ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയുമെന്നും എന്നാല്‍ അഴിമതിക്കാരായ ആളുകളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്നും മോദി കഴിഞ്ഞ ദിവസം അവകാശവാദമുന്നയിച്ചിരുന്നു.

എന്നാല്‍ നിലവിലെ പിന്‍വലിക്കല്‍ പരിധിയായ 24,000 തന്നെ പല ബാങ്കുകള്‍ക്കും നല്‍കാനാകാത്ത സാഹചര്യത്തില്‍ ജനുവരി മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന സൂചന. ബാങ്കുകളില്‍ നിന്ന് പ്രതിവാരം 24,000 രൂപയും എ.ടി.എമ്മുകളില്‍ നിന്ന് പ്രതിദിനം 2,500 രൂപയുമാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ കഴിയുന്നത്. ഈ തുക തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാത്തതില്‍ സുപ്രീം കോടതി നേരത്തെ രണ്ടു തവണ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.


ബാങ്കുകള്‍ക്ക് ആവശ്യമായ കറന്‍സികള്‍ ലഭ്യമാക്കാത്ത പക്ഷം പിന്‍വലിക്കല്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യയും വ്യക്തമാക്കിയിരുന്നു.

പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഡിസംബര്‍ 30ന് ശേഷം നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more