ന്യൂദല്‍ഹി:സമൂഹ മാധ്യമങ്ങള്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ മൂന്ന് മാസത്തിനകം കൊണ്ട് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങള്‍ കൊണ്ടു വരുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ മാസം സുപ്രീം കോടതി കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്ന് ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം സമയം നീട്ടിചോദിച്ചിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കവേയായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നയരൂപീകരണത്തിന്റെ കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞത്.
രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോഗത്തിലുണ്ടായ വളര്‍ച്ച ചിന്തിക്കാവുന്നതിനുമപ്പുറം തടസമുണ്ടാക്കുന്നെന്ന് സുപ്രീംകോടതിയോട് കേന്ദ്രം. ഇന്റര്‍നെറ്റ് ജനാധിപത്യത്തിന് ഭീഷണിയാവുകയാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സാങ്കേതിക രംഗത്തെ മുന്നേറ്റവും സാമ്പത്തിക, സാമൂഹിക മേഖലകളിലെ കുതിച്ചുചാട്ടവും സംഭവിച്ചെങ്കില്‍ക്കൂടിയും ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും കാരണം വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാര്‍ത്തകളും പെരുകുകയാണെന്നാണ് കേന്ദ്രം നല്‍കിയ സത്യവാങ് മൂലത്തില്‍ ആരോപിച്ചിരിക്കുന്നത്.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, യു ടൂബ് മുതലായ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള അവകാശവും കേന്ദ്രം ആവശ്യപ്പെട്ടു. ഈ പ്ലാറ്റ്ഫോമുകള്‍ അവയിലൂടെ പ്രസിദ്ധീകരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നവയുടെ ഉള്ളടക്കം കൂടുതല്‍ വിശ്വാസ്യകരമാക്കണമെന്നും ആവശ്യമുണ്ട്.
‘ഒരു ഭാഗത്ത് ടെക്നോളജിയുടെ വളര്‍ച്ച സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാവുന്നുണ്ട്. എന്നാല്‍ മറുഭാഗത്ത് വിദ്വേഷ പ്രചരണത്തിനും വ്യാജവാര്‍ത്തയ്ക്കും ദേശ വിരുദ്ധതയ്ക്കും, അപകൂര്‍ത്തിപ്പെടുത്തലിനും മറ്റ് നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കും സോഷ്യമീഡിയ വേദിയാവുന്നു’, സത്യവാങ് മൂലത്തില്‍ കേന്ദ്രം പറയുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് തന്നെയായിരുന്നു സുപ്രീം കോടതി നിരീക്ഷണം. നിലവില്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും വ്യാജപ്രചാരണവും തടയാന്‍ എന്തൊക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇനി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ