റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍
World
റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st April 2021, 12:41 pm

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.

ഈ മാസം 24 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇക്കാര്യം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.

ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഈ ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. റീഫണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ്ലിസ്റ്റില്‍ ഇന്ത്യയെ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയെ ബ്രിട്ടണ്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാനാകില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നും വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കും. ഇവര്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഹോട്ടലുകളില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി ബ്രിട്ടണ്‍ ആരോഗ്യ സെക്രട്ടറി മാന്‍ ഹാന്‍കോക്കാണ് അറിയിച്ചത്. കൊവിഡിന്റെ ഇന്ത്യന്‍ വകഭേദങ്ങള്‍ ബ്രിട്ടണില്‍ കണ്ടതായും ഹാന്‍കോക്ക്പറഞ്ഞു. 103 കേസുകളാണ് അത്തരത്തില്‍ കണ്ടെത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രാമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയത്. ഏപ്രില്‍ 26മുതല്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്നും ഈ മാസം അവസാനം ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിലൂടെ ചര്‍ച്ച നടത്തുമെന്നും ഇന്ത്യ-യു.കെ സര്‍ക്കാരിന്റെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ നിയന്ത്രണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം, കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ അമേരിക്ക നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചാല്‍ കൂടിയും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരന്മാരോട് അമേരിക്കയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: restrictions-for-passengers-who-were-to-travel-between-india–uk-announced-by-the-uk-