|

റിസര്‍വേഷന്‍ ഇല്ലാതെയും ഇനി യാത്ര ചെയ്യാം; തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ട്രെയിനുകളായും റിസര്‍വ്ഡ് കോച്ചുകളായും മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു.

തിങ്കളാഴ്ച മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന ട്രെയിനുകളില്‍ ഇന്ന് മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം. എക്‌സ്പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകളിലാണ് ഇന്നുമുതല്‍ സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കുന്നത്.

അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇന്‍ മൊബൈല്‍ (യു.ടി.എസ്.) ഇന്നുമുതല്‍ പ്രവര്‍ത്തനസജ്ജമാവും. റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളും സാധാരണപോലെ പ്രവര്‍ത്തിക്കും.

കണ്ണൂര്‍-കോയമ്പത്തൂര്‍, എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-ആലപ്പുഴ, കോട്ടയം-നിലമ്പൂര്‍ റോഡ്, തിരുവനന്തപുരം-എറണാകുളം, തിരുവനന്തപുരം-ഷൊര്‍ണൂര്‍, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി, രാമേശ്വരം-തിരുച്ചിറപ്പള്ളി, ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട, തിരുവനന്തപുരം-ഗുരുവായൂര്‍, നാഗര്‍കോവില്‍-കോട്ടയം, പാലക്കാട് ടൗണ്‍ -തിരുച്ചിറപ്പള്ളി എന്നീ ട്രെയിനുകളിലാണ് നവംബര്‍ ഒന്നുമുതല്‍ യു.ടി.എസ്, സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കുന്നത്.

ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് സേവക് (ജെ.ടി.ബി.എസ്) കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുപുറത്ത് സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ജെ.ടി.ബി.എസ് ടിക്കറ്റ് കൗണ്ടറുകളും പ്രവര്‍ത്തിക്കും. 2020 മാര്‍ച്ച് 24-ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സീസണ്‍ ടിക്കറ്റുകളില്‍ 20 ദിവസം സഞ്ചരിക്കാന്‍ ബാക്കിയുണ്ടായിരുന്നെങ്കില്‍ പുതുക്കുമ്പോള്‍ അവ പുനഃസ്ഥാപിച്ചു കിട്ടും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Restoring general coaches on trains

Latest Stories

Video Stories