| Monday, 2nd October 2023, 9:21 am

'പൊള്ളയായ സർക്കാർ ഇനി അധികാരത്തിൽ വരില്ല'; പഴയ പെൻഷൻ സ്കീമിനെതിരെ ആയിരങ്ങളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് കേന്ദ്ര സർക്കാർ പഴയ പെൻഷൻ സ്‌കീം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ഉത്തർ പ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് സർക്കാർ ജീവനക്കാരാണ് ദൽഹിയിലെ രാംലീല മൈതാനത്തിൽ പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.

പഴയ പെൻഷൻ സ്‌കീം തിരികെ കൊണ്ടുവന്നില്ലെങ്കിൽ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ നിരവധി വോട്ടുകൾ നഷ്ടമാകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അധ്യാപകർ, ഡോക്ടർമാർ, പ്യൂണുകൾ, ക്ലർക്കുമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, നാഷണൽ മൂവ്മെന്റ് ഫോർ ഓൾഡ് പെൻഷൻ സ്‌കീം (എൻ.എം.ഒ.പി.എസ്) സംഘടിപ്പിച്ച പെൻഷൻ ശങ്കാനാദ് റാലിയിൽ പങ്കെടുത്തു. ‘പൊള്ളയായ സർക്കാർ ഇനി അധികാരത്തിൽ വരില്ല,’ ‘എൻ.പി.എസ് ഗോ ബാക്ക്, ഒ.പി.എസ് കം ബാക്ക്’ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്ലക്കാർഡുകൾ കയ്യിലേന്തുകയും ചെയ്തു.

ഒ.പി.എസ് നടപ്പിലാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേതാക്കൾ വോട്ട് ചോദിച്ചതെന്ന് യു.പിയിൽ നിന്നുള്ള ഹെഡ്മാസ്റ്റർ സുരേഷ് സിങ് ബാഗൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
‘എന്റെ ശമ്പളം പ്രതിമാസം 70,000 രൂപയാണ്. 50 ശതമാനം എനിക്ക് റിട്ടയർമെന്റിന് ശേഷം ലഭിക്കേണ്ടതാണ്. എന്നാൽ പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തിൽ എനിക്ക് 2000-2500 രൂപ മാത്രമേ ലഭിക്കൂ,’ അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ആവശ്യത്തെ പിന്തുണക്കുന്ന പാർട്ടിക്കുമാത്രമേ തെരഞ്ഞെടുപ്പിൽ വോട്ട് നൽകൂ എന്നും എൻ.പി.എസ് സ്‌കീം സ്വകാര്യവത്കരണത്തിന്റെ ഭാഗമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. കോൺഗ്രസ് സർക്കാർ പുതിയ പെൻഷൻ സ്‌കീം തിരികെകൊണ്ടുവന്ന രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ജാഥക്ക് പിന്തുണയുമായെത്തിയിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രതിഷേധക്കാർക്ക് പിന്തുണയറിയിച്ചു.

ആം ആദ്മി പാർട്ടി പഞ്ചാബിൽ പഴയ പെൻഷൻ സ്‌കീം നടപ്പാക്കിയിരുന്നു. ദൽഹിയിലെ സർക്കാർ ജീവനക്കാർക്കും പഴയ സ്‌കീം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ അറിയിച്ചു.

Content highlight: ‘Restore Old Pension Scheme’: Thousands protest at Delhi

We use cookies to give you the best possible experience. Learn more