ലണ്ടന്‍: സ്വീഡിഷ്, യു.കെ അധികാരികളോട് സ്വാതന്ത്യം തിരിച്ച് തരണമെന്ന അഭ്യര്‍ത്ഥനയുമായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ. യു.എസിന് തന്നെ കൈമാറുമെന്ന ഭയത്താല്‍ നാലു വര്‍ഷമായി ലണ്ടനിലെ ഇക്വഡേറിയന്‍ എംബസിയില്‍ താമസിച്ച് വരുന്ന അസാഞ്ചെ ഇന്നലെയാണ് തന്നെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്ന വാദവുമായി രംഗത്തെത്തിയത്.
സ്വീഡനില്‍ ലൈംഗികാരോപണ കേസില്‍ വിചാരണ നേരിടുന്ന അസാഞ്ചെയെ സ്വതന്ത്രനാക്കണമെന്ന് യു.എന്‍ നിയമകാര്യസമിതി കഴിഞ്ഞ വര്‍ഷ ഉത്തരവിട്ടിരുന്നു. യു.കെയുടെ വിദേശകാര്യ ഓഫീസ് അസാഞ്ചയക്കെതിരായി പ്രത്യേകിച്ച് ഒന്നും കണ്ടെത്തിയിട്ടില്ല എന്നു വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഐക്യരാഷ്ട്ര സഭയുടെ വര്‍ക്കിംങ് ഗ്രൂപ്പ് അസാഞ്ചയെ യു.കെയും സ്വീഡനും അനിയന്ത്രിതമായി തടവില്‍ വയ്ക്കുകയാണെന്ന് കണ്ടെത്തിയിരുന്നു.
രണ്ട് രാഷ്ട്രങ്ങളും തനിക്കെതിരായ നിയമ വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അസാഞ്ചെ ആരോപിച്ചു. ഞാന്‍ ഇരു രാഷ്ട്രങ്ങളോടും എന്റെ കാര്യത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കണമെന്നും സ്വാതന്തൃം തിരിച്ച് തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ടു രാജ്യങ്ങളും മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടികളില്‍ ഒപ്പിട്ടതാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവാന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസിന്റെ 500,000ത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തു വിട്ടതിനെത്തുടര്‍ന്നാണ് സ്വീഡനില്‍നിന്ന് അസാഞ്ചെ ഇക്വഡേര്‍ എംബസിയിലേക്ക് താമസം മാറിയത്. രാഷ്ട്രം തന്നെ അമേരിക്കയ്ക്ക കൈമാറുമോ എന്ന ഭയത്താലായിരുന്നു ഇത്. 2012 ജൂണ്‍ 19 മുതല്‍ ഇക്വഡോറിലെ എംബസിയിലാണ് അസാഞ്ചെ ജീവിച്ച് വരുന്നത്. അസാഞ്ചെക്കെതിരായ സ്വീഡനില്‍ നടക്കുന്ന ലൈംഗികാരോപണ കോസുകളില്‍ ഇത് വരെയും തീരുമാനമായിട്ടില്ല. 16 മാസത്തോളമായി നടന്നു വരുന്ന കേസ് കോടതി പല തവണ തള്ളിയെങ്കിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.