| Monday, 15th September 2014, 4:59 pm

ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് റെസ്‌റ്റോറന്റില്‍ പ്രവേശിക്കുന്നതിന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്‍ക്കത്ത: ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട സ്ത്രീക്ക് റെസ്‌റ്റോറന്റില്‍  പ്രവേശനാനുമതി നിഷേധിച്ചു. സൗത്ത് കൊല്‍ക്കത്ത കാലിഖട്ട് മേഖലയിലെ ബാര്‍ ഹോട്ടലായ ജിഞ്ചറിലാണ് യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

2012ല്‍ ഓടുന്ന കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായ ആംഗ്ലോ ഇന്ത്യന്‍ യുവതിക്കാണ് ഈ ദുരനുഭവം നേരിട്ടത്. യുവതിയുടെ പരാതിയില്‍ ഭക്ഷണശാലക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

“പാര്‍ക്ക് സ്ട്രീറ്റ് മാനഭംഗത്തിന്റെ ഇരയായ എന്നെ ഹോട്ടലിനകത്ത് പ്രവേശിപ്പിക്കില്ലെന്നാണ് റെസ്‌റ്റോറന്റ്  അധികൃതര്‍ പറഞ്ഞത്. ഞാന്‍ ബലാത്സംഗത്തിന് ഇരയായത് എന്റെ തെറ്റാണോ? എനിക്കും മറ്റുള്ളവരെപോലെ സാധാരണ ജീവിതം നയിക്കാനുള്ള അവകാശമില്ലേ?” യുവതി പറഞ്ഞു.

എന്നാല്‍ ബലാത്സംഗത്തിന് ഇരയായതിനാലല്ല യുവതിയെ തടഞ്ഞതെന്നും മദ്യപിച്ച് ലക്കുകെട്ട് ഹോട്ടലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനാലാണ് അവര്‍ക്ക് പ്രവേശനം നിഷേധിച്ചതെന്നും ഹോട്ടല്‍ ഉടമ ദിപ്തന്‍ ബാനര്‍ജി പ്രതികരിച്ചു.

2012 ഫെബ്രുവരിയിലാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഓടുന്ന കാറിനുള്ളില്‍ മാനഭംഗത്തിന് ഇരയായത്. അഞ്ച് പേര്‍ക്കെതിരെ കോടതി കുറ്റം ചുമത്തിയെങ്കിലും മൂന്ന് പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. മുഖ്യപ്രതിയുള്‍പ്പെടെ രണ്ട് പേരെ ഇനിയും പിടികൂടിയിട്ടില്ല.

We use cookies to give you the best possible experience. Learn more